2013 സെപ്റ്റംബർ 21, ശനിയാഴ്‌ച

മാവേലിയും ഞാനും തമ്മിൽ


കണ്ടു ഞാൻ ദൂരത്തായ്, മാവേലി മന്നൻറെ
കാറ്റിൽ പറക്കുന്നോരോലക്കുട
ഓടിയെത്തിയോരാ നേരത്ത് കാണുന്നു
തല, കുമ്പിട്ടിരിക്കുന്ന തമ്പുരാനേ
പാദങ്ങൾ രണ്ടുമേ മൂടാത്ത വെള്ളത്തിൽ
ചലനങ്ങൾ ഉണ്ടാക്കി ഏകനായി

ഞാൻ : ഈ അരുവിതൻ തീരത്ത്‌ എന്ത് ചെയ്തീടുന്നു?
ഉണർത്തിയവനെ എൻ വാക്കുകളാൽ

മാവേലി :ആത്മഗതം: (ഉത്തരം ചൊല്ലീടാൻ കഴിയാത്ത കാര്യങ്ങൾ
കേട്ടില്ല എന്ന് നടിക്ക തന്നെ)

പിണക്കത്തിൻ കാരണം, ആരാഞ്ഞു ആരാഞ്ഞ്
തമ്പുരാൻ ചാരെ ഞാൻ ചേർന്നിരുന്നു

ഞാൻ: തല, കുമ്പിട്ടിരിക്കുവാൻ കാരണമെന്തെന്നു
എന്നോട് ചൊല്ലിടാൻ ദയതോന്നണെ

മാവേലി : എന്ത് ഞാൻ ചൊല്ലേണം, കുഞ്ഞെ നിൻ മുന്നിലായ്
പറയുവാനാണെങ്കിൽ ഏറെയുണ്ട്

ഞാൻ :പറയൂ ഞാൻ കേട്ടിടാം, നിൻറെ മനസ്സിൻറെ
താപങ്ങൾ അത്രയും കുറഞ്ഞിടില്ലേ
നേരമത്രയും നോക്കിയിരുന്ന ഞാൻ
ഓലക്കുട കണ്ടോടിയെത്തി
പറയുവാൻ നിനക്കെന്തേ താമസ്സമേറുന്നു
പറഞ്ഞു തീർത്തീടുക നിൻറെ ദുഃഖം

മാവേലി: പറഞ്ഞു തുടങ്ങി ഞാൻ
കുഞ്ഞേ നിന് മുന്നിലായ്
കണ്ടതും കേട്ടതു മെല്ലാമെല്ലാം
വികലമാം മനസ്സുകൾക്കടിമയാണെല്ലാരും
കാഴ്ചകൾ എല്ലാമേ വേദനാപൂരിതം
ഊർജ്ജങ്ങൾ നേടാനും സ്വന്തം സുഖങ്ങൾക്കുമായ്
മക്കളെ, വില്പ്പന ചരക്കുകളാക്കുന്നു
ശൈശവം എന്നൊരു, കാലമില്ലാത്തപോൽ
ബാല്യവുമില്ല, കൗമാരവും
അമ്മയെ, അച്ഛനെ, പാതിയെ, മക്കളെ
സൗകര്യം പോലങ്ങ്‌, കൊന്നൊടുക്കീടുന്നു
നോക്കുകൾ, വാക്കുകൾ, കാഴ്ചകൾ, ചേഷ്ട്ടകൾ
എല്ലാത്തിലും തന്നെ മായം കലരുന്നു
ശ്വസ്സിക്കുവാനായ് ഞാൻ ശ്രമിക്കുന്ന നേരത്ത്
മദ്യത്തിൻ മണമാണ് വായുവിലെല്ലാടവും
സൽക്കാരമായി വിളമ്പുന്നതെല്ലാമെ
എന്ടോസൾഫാൻ ചേർന്ന വിഭവങ്ങളും
വിശന്നിട്ടെനിക്കെൻറെ തല കറങ്ങീടുന്നു
തൊണ്ടയും വല്ലാതെ വരണ്ടീടുന്നു
ഉള്ളത്ര നേരത്തിൽ, ഉള്ളത്ര വേഗത്തിൽ
പാതാളം തന്നിൽ ഞാൻ പൂകിടട്ടെ
 
ഞാൻ :അയ്യോ! ഇതെന്തൊരു ദുർവിധി  തന്നല്ലോ
ഞാനെന്തു വേണം നീ ചൊല്ലീടാമോ
ഞാനിതൊക്കെ കഴിച്ചു കഴിച്ചൊരു
അമരനായ് തീർന്നെന്നു തോന്നിടുന്നു .
രക്ഷപെടുവനൊരു മാർഗ്ഗവുമില്ലാതെ
വട്ടത്തിൽ ചുറ്റിക്കറങ്ങീടുന്നു

മാവേലി : പാതാളമെത്തട്ടെ, യമനോട് ചൊല്ലിടാം
നിൻറെയീ ഗതികേടിൻ, കാര്യങ്ങളും.
കേൾക്കുവാൻ കൊള്ളാത്ത വാർത്തകൾ കൊണ്ടെൻറെ
കാതുകൾ ബധിരമായ് പോകും കുഞ്ഞേ 
പല പല പീഡനം നിറയുന്നോരീ ഭൂവിൽ
വരാതിരിക്കാനാണേറെ ഇഷ്ട്ട്ടം

ഞാൻ: ഇത്ര നേരം കൊണ്ട് നീയിത്ര മടുത്തെങ്കിൽ
അടിയൻറെ കാര്യമൊന്നോർത്തു നോക്കൂ
നിനക്കിനി വരാതിരിപ്പാനായ് കഴിഞ്ഞിടും
ഞാനിതിൽ പെട്ടുപോയ് തമ്പുരാനേ
എനിക്കും മതിയായി ലോക ജീവിതം
എന്നെയും നിൻ  കൂടെ ചേർത്തീടുമോ

മാവേലി : നിന്നെയും ചേർത്തീടാൻ ആവതില്ലെൻ കുഞ്ഞേ
ഈശ്വരൻ തന്നെ കനിഞ്ഞീ ടേണം
വെട്ടിയെടുത്തതാം വൻ മരച്ചോടുകൾ
സാഷ്യങ്ങളായങ്ങ് നിരന്നീടുന്നു
പകരമായ് പൂഴിയിൽ  പൂഴ്ത്തിയ വിത്തുകൾ
പരതി നടന്നു ഞാൻ എല്ലാടവുമെ
കണ്ടില്ലൊരിടത്തും പൊട്ടിമുളച്ചതാം
പച്ചപ്പിൻ പൊട്ടുകൾ പൂഴി തന്നിൽ

ഞാൻ: ഇത്രയും നേരമേ ഇത്രയും ചൊല്ലീട്ടും
എൻ കണ്കളിൽ നോക്കാത്തതെന്താണ് നീ
ഒന്നെൻറെ കണ്കളിൽ നോക്കെൻറെ മന്നവാ
എത്ര കൊതിച്ചു ഞാൻ നിന്നെ  കാണാൻ

മാവേലി: ഒരെട്ടുവയസ്സിൻറെ  രൂപത്തിൽ, ഭാവത്തിൽ
ഫ്രോക്കണിഞ്ഞെത്തി ഞാൻ നാടുകാണാൻ
കണ്ടു കണ്ടങ്ങനെ ക്ഷീണിതയായൊരു വൃക്ഷച്ചുവട്ടിലിരിക്കും നേരം
എത്തിയല്ലോ അപ്പോൾ മർത്യൻറെ രൂപത്തിൽ
വേട്ടനായ്ക്കളൊരഞ്ചാറെണ്ണം
ജീവനും കൊണ്ട് ഞാൻ ഓടിയെത്തിയീ, അരുവിതൻ തീരത്ത്‌ ചടഞ്ഞിരുന്നു

ഞാൻ: കുട്ടി തൻ രൂപത്തിൽ കണ്ടില്ല നിന്നെ ഞാൻ
മാവേലി മന്നൻറെ പൂർണ്ണ രൂപം

മാവേലി: കുട്ടിതൻ രൂപത്തെ വിട്ടു ഞാൻ എൻറെയാ
പഴയരൂപത്തിൽ തിരികെയായി
ഇനിയൊരു ചുവടില്ല മുന്നോട്ടു വെയ്ക്കാനായ്
തിരികെപ്പോയീടുവാൻ നേരമായി

ഞാൻ: കുടയങ്ങ് പാറിപ്പോയല്ലോ മന്നവാ
എത്തിപ്പിടിച്ചു ഞാൻ കയ്യിൽത്തരാം, ഇനിയുള്ള വരവിനായ് കയ്യിൽത്തരാം

 മാവേലി : വേണ്ടെൻറെ  കുഞ്ഞെയായോലക്കുടയത്
ഇനി ഈ നാട്ടിലേക്കില്ല ഞാനും
 
ഞാൻ :, ഒരു ദിനം കൊണ്ട് നീ ഇത്ര മടുത്തെങ്കിൽ
അടിയൻറെ കര്യമൊന്നോർത്തു നോക്കൂ ........!