2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

      എന്റെ ആദ്യ വിമാനയാത്ര                 

                     സമയം  രാത്രി  എട്ടു മണി. വീട്ടില്‍  നിന്ന് ഇറങ്ങുമ്പോഴും  മഴയായിരുന്നു. കറന്റ്‌  ഇല്ല (അത്  പിന്നെ പ്രത്യേകിച്ചു  പറയേണ്ടല്ലോ) വണ്ടിയുടെ  വെളിച്ചത്തില്‍, വണ്ടിയില്‍ കയറി. വഴിയില്‍  ഉടനീളം  മഴ തന്നെ  മഴ. യാത്രക്കിടയില്‍  സഹയാത്രികയെയും കണ്ടുമുട്ടി. ഫോണില്‍  പരിചയപ്പെട്ടിരുന്നു. നേരിട്ട്  ആദ്യമായി  കാണുകയാണ്. കാഴ്ച്ചയില്‍ എന്നേക്കാള്‍  ചെറുതെങ്കിലും  പ്രവര്‍ത്തിയിലും, എന്നെ  സഹായിക്കുന്നതിലും   മുതിര്‍ന്ന  ആളായിരുന്നു. ഒരു  ന്യൂസീലാന്റ്  സിട്ടിസെനും, നാട്ടില്‍  കോളേജ്  അദ്ധ്യാപികയുമായ ആള്‍ക്ക്  അതിന്റെതായ യാതൊരു ജാഡയുമില്ലായിരുന്നു. ഇംഗ്ലീഷ് നല്ല പിടിപാടില്ലാത്ത എന്നോട്, ഒരു  സ്കൂള്‍ കുട്ടിയോട് എന്നപോലെ കാര്യങ്ങള്‍ പറഞ്ഞുതന്നു. എനിക്ക്  അത് അനുസരിക്കുകയെ  വേണ്ടിയിരുന്നുള്ളൂ. ആദ്യമായാണ് വിമാനത്തില്‍  യാത്ര ചെയ്യുന്നത്. നനഞ്ഞു വന്ന ഞാന്‍  നനഞ്ഞ മനസ്സുമായി  അകത്തു കയറി. സീറ്റ്‌  കണ്ടുപിടിച്ചു  ഇരുന്നു. മരുങ്ങ് തിരിയാന്‍  ഇടമില്ലാതെയുള്ള ഇരുപ്പ്. എനിക്ക്  ശ്വാസം  മുട്ടി.ഏറ്റവും  പുറകിലായിരുന്നു ഇരിപ്പിടം. കുത്തനെ ഉള്ള  സീറ്റ്‌. ചാരാനോ, ചായാനോ  ഒരു  രക്ഷയുമില്ല. മസില് പിടിച്ചു ഒറ്റയിരുപ്പ്. സഹയാത്രിക  പറഞ്ഞു : "ചെറിയ വിമാനം, പിന്നെ ഏറ്റവും  പുറകിലും അതാ പ്രശ്നം". വിമാനത്തിലല്ലേ  അടിപൊളി  ഭക്ഷണം  ആയിരിക്കും  എന്നോര്‍ത്തു. എവടെന്ന്?  സഹയാത്രിക  ബിയര്‍  ഒക്കെ  അടിച്ചു  ഉറക്കമായി.  നാല് മണിക്കൂര്‍  വേണം  സിംഗപൂര്‍ എത്താന്‍. ഞാന്‍  ഉറക്കമില്ലാതെ  മിഴിച്ച കണ്ണുകളുമായി ട്ടിരുന്നു .
  
                         സിംഗപ്പൂര്‍  ടെര്‍മിനല്‍  കണ്ട ഞാന്‍  അന്തം വിട്ടു  നിന്നു. നേരം  വെളുത്തോ  എന്ന്  അറിയാന്‍  പറ്റുന്നില്ല. രാത്രിയോ, പകലോ എന്നറിയാതെ  ഞാന്‍  കുഴങ്ങി. ടെര്‍മിനലിലെ  കാഴ്ചകള്‍ കണ്ടു എന്റെ  കണ്ണ് മഞ്ഞളിച്ചു.എന്റെ  മാതൃ രാജ്യം...അവിടെ  ഇങ്ങനെ ഒരു  ടെര്‍മിനല്‍? (ചിലപ്പോള്‍ വരുമായിരിക്കും!) ഏതായാലും  കരുണാകര്‍ജി  കാരണം  ഒരു  എയര്‍പോര്‍ട്ട്  എങ്കിലും  വന്നല്ലോ. ഇനി ഇവിടെനിന്ന്  പന്ത്രണ്ടു  മണിക്കൂര്‍  കഴിഞ്ഞേ  ന്യൂസീലണ്ടിനുള്ള വിമാനമുള്ളൂ. ടെര്‍മിനലില്‍ കൂടി നടന്നും, ഇരുന്നും, കിടന്നും സമയത്തെ  തള്ളി നീക്കാന്‍ നോക്കി. കാഴ്ചകള്‍  ഏറെയുണ്ടെങ്കിലും ക്ഷീണമായി തുടങ്ങി. കാലില്‍ ഷൂ ഇട്ട് ശീലമില്ലാത്തതുകൊണ്ട് അതും ബുദ്ധിമുട്ടായി. തണുപ്പ് രാജ്യമായതുകൊണ്ട് (വിമാനത്തിലും തണുപ്പായിരിക്കും എന്ന്  കരുതി) ഷൂവും  സോക്സും  ഒക്കെ  ഇട്ടോളന്‍ പറഞ്ഞിരുന്നു മകള്‍.


                         രാത്രിയായി, വിമാനം  പതിനൊന്നരയ്ക്ക്  ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ചെക്ക്‌-ഇന്‍ ഒക്കെ കഴിഞ്ഞു. ഇനി  അകത്തേക്ക് കയറ്റി വിടുന്ന ഭാഗമാണ്. എന്തോ നമ്പറിന്റെ കാര്യം പറഞ്ഞു. എനിക്ക്  മനസ്സിലായില്ല. സഹയാത്രിക എന്നോട് "ചെല്ല്...ചെല്ല്..എന്ന് പറഞ്ഞു. ഞാന്‍  നിസ്സഹായതയോടെ അവളെ  നോക്കി. അപ്പോള്‍ എന്റെ നേരെ വീണ്ടും "ചെല്ല് "  എന്ന് കണ്ണ് കാണിച്ചു. നിവൃത്തി ഇല്ലാതെ  ഞാന്‍ മുന്നോട്ടു നീങ്ങി. ടിക്കറ്റോ , പാസ്പോര്‍ട്ടോ ഒക്കെ നോക്കി എന്നെ ഉള്ളിലേക്ക് വിട്ടു. എന്റെ ചങ്ക് വല്ലാതെ ഇടിച്ചുതുടങ്ങി.എന്നോട് ഇംഗ്ലീഷില്‍ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഒന്നും പറയാന്‍  അറിയില്ല. സഹയാത്രിക ആണ് ഇവിടം വരെ കാര്യങ്ങള്‍ നടത്തി കൊണ്ടുവന്നത്. വിമാനത്തിന്റെ അകത്തു കയറിയ ഞാന്‍ അത്ഭുതത്തോടെ നോക്കി . എത്ര വലുതാണ്! മൂന്നായി വേര്‍തിരിച്ച അതിന്റെ ഉള്ളില്‍ വിന്‍ഡോ സീറ്റ്‌ ആണ് എനിക്ക് കിട്ടിയത്. എനിക്ക് അപ്പോള്‍ അത് അത്ര വലിയ സംഗതി ആയി തോന്നിയില്ല. സഹയാത്രികക്ക് വേറെ എവിടെയോ ആണ് സീറ്റ്‌  കിട്ടിയത്. തമ്മില്‍ കാണാനേ പറ്റില്ല.എന്റെ  അടുത്തിരിക്കുന്നവര്‍ എല്ലാം  വെള്ളക്കാര്‍. ഞാൻ ആകെ അങ്കലാപ്പിലായി . ആരോട് എന്താ മിണ്ടുക? ഞാന്‍ ആകെ വലഞ്ഞു. ദൈവമേ...ത്രിശ്ശങ്കു...സ്വര്‍ഗ്ഗത്തിലയല്ലോ...ഞാന്‍  ഇരിക്കുന്ന സീറ്റിനു  അടുത്ത  സീറ്റില്‍  ആളെത്തിയിട്ടില്ല ആരാണാവോ വരിക എന്നോര്‍ത്ത് ഇരുന്ന എന്നോട് ദൈവം കരുണ കാണിച്ചു. ആ സീറ്റില്‍ യാത്ര ചെയ്യാന്‍ ആരും  ഇല്ലായിരുന്നു. ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. അടുത്തിരുന്ന മദാമ്മ എന്നോട് എന്തോ ചോദിച്ചു. ഞാന്‍  അല്പം ചമ്മലോടെ  "ഐ  ഡോണ്ട്  നോ  ഇംഗ്ലീഷ്" എന്ന് പറഞ്ഞ്   രക്ഷപെട്ടു. മദാമ്മയും.


                               പിന്നെ  സൂപ്പെർ   യാത്രയായിരുന്നു. ഇരിക്കാന്‍ ഇഷ്ടം പോലെ സ്ഥലം. നല്ല ഭക്ഷണം, എപ്പോഴും  ജ്യൂസ്‌, ടോയിലറ്റില്‍ പോകാന്‍  എളുപ്പം, സ്വന്തമായി  ടി.വി, ആഹാ...സംഗതി കലക്കി. പക്ഷെ  മദാമ്മയെ നോക്കാന്‍തന്നെ പേടി. എന്തെങ്കിലും  ചോദിച്ചാലോ. രാത്രിയായതുകൊണ്ട് പുറത്തേക്ക് നോക്കിയിട്ടും കാര്യമില്ല. എന്നാലും  നോക്കി. വിമാനത്തിന്റെ ചിറകും, ചിറകിലെ  മിന്നി മിന്നി  തെളിയുന്ന  ബള്‍ബും  ചിറകിന്റെ  നിഴലും  കാണാമായിരുന്നു. തുടക്കത്തില്‍ ഭൂമിയില്‍ പലയിടങ്ങളിലുമായ് തെളിഞ്ഞു  കാണുന്ന  വൈദ്യുതി  വിളക്കുകളുടെ  മിന്നാമിന്നി തെളിച്ചങ്ങളും  പലപ്പോഴും  പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇടക്ക് എപ്പോഴോ ഒന്ന് മയങ്ങി. ഇടക്ക് ഒരു കാര്യം പറയാന്‍ വിട്ടു. മെനു കാര്‍ഡ്‌ കൈയില്‍  കിട്ടിയപ്പോള്‍ എന്താ വേണ്ടത് എന്ന് പറയാന്‍ പറ്റുന്നില്ല. ഞാന്‍ മെനുവിലെ ഏതാണ്ടൊക്കെ ചൂണ്ടി കാണിച്ചു. അതിനൊക്കെ  നോ...നോ...എന്ന് മറുപടിയും. എയര്‍ ഹോസ്റ്റെസ്സിനു ചിരി വന്നു. എനിക്ക് കരയാനും. അവസാനം ഞാന്‍ അറ്റകൈ പ്രയോഗം തന്നെ നടത്തി. മദാമ്മയുടെ  പാത്രത്തിലേക്ക് വിരല്‍ ചൂണ്ടി. കാര്യം പിടികിട്ടിയ എയര്‍  ഹോസ്റ്റെസ്സിനും, മദാമ്മക്കും  സന്തോഷമായി.അതിലേറെ എനിക്കും.....
     
                             നേരം  വെളുത്തുതുടങ്ങി. എയര്‍ ഹോസ്റ്റെസ് ട്രെയില്‍ പുഴുങ്ങിയ തുണിയുമായി  വന്നു. എല്ലാവരും മുഖം തുടച്ചു, ഞാനും  തുടച്ചു. എല്ലാവരും കൈ തുടച്ചു, ഞാനും  തുടച്ചു. പൂരിപ്പിക്കാനുള്ള കാര്‍ഡ്‌ കിട്ടിയപ്പോള്‍ ഞാനാകെ വിയര്‍ത്തു. തമ്പുരാനേ....!  പൊല്ലാപ്പായല്ലോ...സഹയാത്രികയ്ക്ക്   ഒന്ന് വരാന്‍ തോന്നിയിരുന്നെങ്കില്‍ ...എന്റെ  കാര്‍ഡ്‌  പൂരിപ്പിക്കാന്‍  ഞാനും  മദാമ്മയും  കൂടി  ഒരു വിഫല ശ്രമം  നടത്തി നോക്കി. പണി ഏറ്റില്ല. പാളിപ്പോയി. ഞാന്‍  മദാമ്മയോടു  പറഞ്ഞു: "മൈ  ഫ്രണ്ട്  ദെയര്‍ ,ഷീ വില്‍  കം ആന്‍ഡ്‌  ഹെല്പ്  മി. മദാമ്മക്ക്   പിടി കിട്ടി എന്ന് തോന്നുന്നു. പിന്നെ ഒന്നും  പറഞ്ഞില്ല.എങ്ങനെ അത്രയും ഞാൻ പറഞ്ഞൊപ്പിച്ചു എന്ന് അത്ഭുതപ്പെട്ടുപോയി . ഏതായാലും സഹയാത്രിക ഇടയ്ക്ക് വന്നു അത് പൂരിപ്പിച്ചു തന്നു.


                              ദൈവമേ!!! പിന്നെ അത്ഭുതങ്ങളുടെ ഒരു ഘോഷയാത്രതന്നെ ആയിരുന്നു. അപ്പോള്‍ വിമാനം കടലിനു മീതെ! മഞ്ഞ്പടലങ്ങള്‍ കടലിനു മീതെ പടര്ന്നുകൊണ്ടിരിക്കുന്നു.ഉദിച്ചു ഉയരുന്ന സൂര്യ കിരണങ്ങൾ ഈ മൂടൽ മഞ്ഞിലേക്ക് പടർന്നപ്പോൾ ...അത് വർണ്ണനാതീതമായിരുന്നു.    വിമാനം അപ്പോള്‍ മഞ്ഞ് പാളികള്‍ക്കിടയിലൂടെ...അവയുടെ ചിറകുകളിലെ അടുക്കുകള്‍ ചിറകില്‍ നിന്നും ഉയര്‍ന്നു നിന്നു. ആ  വിടവില്‍ക്കൂടിയും  മഞ്ഞിന്റെ പടലങ്ങള്‍  ചീറിയടിച്ചു കടന്നു പോയി.അപ്പോള്‍  പട...പട..എന്ന  ശബ്ദവും. മഞ്ഞിനും  ഉത്സവമുന്ടെന്നു  ഞാനറിഞ്ഞു. ഒരു ക്യാമറ കൈയ്യിൽ   ഇല്ലാതെ പോയത്; എനിക്ക്  ശരിക്കും സങ്കടം വന്നു.    ദൈവത്തിന്റെ ഈ  കരവിരുത്  കാണിക്കാന്‍  സൌകര്യപ്രദമായ  ഒരു  ഇരിപ്പിടംതന്നു  എന്നെ  അനുഗ്രഹിച്ചതിന്.ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു


                              ഒന്‍പതര ആയപ്പോള്‍ ചെക്കിങ്ങും എല്ലാം കഴിഞ്ഞു  പുറത്തിറങ്ങി. നേരിയ  മഞ്ഞും ചാറ്റല്‍ മഴയും. മകള്‍എന്നെ  കൊണ്ടുപോകാന്‍  കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.മൂടൽ മഞ്ഞുകാരണം  വണ്ടിയുടെ  ഗ്ലാസ്‌ മങ്ങിയിരുന്നത് കൊണ്ട്  പുറത്തെ കാഴ്ചകളൊന്നും  കാണാന്‍  പറ്റിയില്ല. വീട്ടില്‍  എത്തി  ചൂടുവെള്ളത്തില്‍  ഒരു കുളിയൊക്കെ  പാസ്സാക്കി. ഭക്ഷണം  കഴിഞ്ഞു സുഖമായിട്ടു  ഒന്നുറങ്ങി. വിന്റെര്‍ ടൈം ആണ്. ആദ്യത്തെ  ദിവസവും  രണ്ടാമത്തെ  ദിവസവും വലിയ കുഴപ്പമില്ലായിരുന്നു. പിന്നീടുള്ള  ദിവസ്സങ്ങള്‍ തണുത്തിട്ട് സഹിക്കാന്‍  വയ്യാതായി. കിടു  കിടാ  വിറയ്ക്കുന്ന  കാലാവസ്ഥ. എപ്പോഴും  മഴ. പുറത്തേക്ക്  ഇറങ്ങാന്‍  നിവര്‍ത്തിയില്ല. പൂക്കളുടെ  പറുദീസയായ  ഇവിടെ ഈ  കാലാവസ്ഥയില്‍ പൂക്കള്‍  തീരെ  ഇല്ല.                                                                        
                                അടുത്ത്  പള്ളി ഉള്ളതുകൊണ്ട്  ഞായറാഴ്ച  പള്ളിയില്‍  ഒന്ന്  പോകും. അത്ര  മാത്രം. ഞങ്ങള്‍  താമസിക്കുന്ന ഈ  വീട്  ഒരു  യൂന്നിട്ടാണ്. ആറ്  കുടുംബക്കാര്‍  താമസിക്കുന്നു . എല്ലാവരും  വെള്ളക്കാര്‍. പക്ഷെ ആരും  ആരെയും  കാണുന്നില്ല, പരിചയപ്പെടുന്നില്ല, സഹവാസമില്ല. ഓരോര്‍ത്തര്‍ക്കും അവനവന്റെ  കാര്യം. വീടിന്റെ മുന്‍വശം  റോഡ്‌ . മുന്‍പില്‍ തന്നെ റൗണ്ട്   എബൌട്ട്‌  ആയതുകൊണ്ട്. ഇടതടവില്ലാതെ  ഒഴുകുന്ന  വണ്ടികള്‍  കറങ്ങി തിരിഞ്ഞു  പോകുന്നത്  കാണാന്‍ നല്ല രസമാണ്. ഈ  സമയങ്ങളില്‍ ഒന്നും പുറത്തേക്കുള്ള  ഇറക്കമേ  ഇല്ലായിരുന്നു .


                              എന്നാല്‍  കാലാവസ്ഥ  മാറി. സൂര്യന്റെ  ചൂടും  പ്രകാശവും  ഇടയ്ക്കിടെ  കണ്ടു  തുടങ്ങി. മനുഷ്യരുടെ മുഖത്തെ  തെളിച്ചം  പോലെ  പൂക്കളും പുഞ്ചിരിച്ചു തുടങ്ങി. ക്രമേണ  ക്രമേണ  പൂക്കളുടെ ഉത്സവങ്ങളായി. മഴവില്ലിന്റെ ഏഴ്  നിറങ്ങളെയും  വെല്ലുന്ന പൂക്കളുടെ  നിറകാഴ്ചകള്‍. നിറങ്ങളുടെ  കൂടിച്ചേരലുകള്‍. കൊച്ചു കൊച്ചു  പൂമരങ്ങള്‍, അതും  പല പല  നിറത്തിലും  തരത്തിലും  ഉള്ള പൂക്കളോട്  കൂടിയതും  അല്ലാത്തതും. മണ്ണില്‍  പറ്റി ചേര്‍ന്നിരിക്കുന്ന പൂക്കള്‍  കണ്ടാല്‍ മണ്ണില്‍  പൂക്കള്‍  വിതറിയത്  ആണെന്നേ  പറയൂ. അമ്പരപ്പിക്കുന്ന പൂക്കളുടെ  ലോകം .   .ഒരു പകലില്‍  തന്നെ  മാറി മറിയുന്ന  പ്രകൃതിയുടെ  ഭാവഭേദങ്ങള്‍, മഴ, കാറ്റ്, വെയില്‍, മഞ്ഞ്  അത്  എപ്പോള്‍ എങ്ങനെ, എത്ര നേരം  എന്ന്  പ്രവചിക്കുക വയ്യ.

                           വീടിന്റെ മേല്‍ക്കൂര  ഇപ്പോ  പൊക്കികൊണ്ട് പോകും എന്ന് ഓര്‍ത്ത്‌  പരിഭ്രമിച്ചു  നമ്മള്‍ നിന്നു പോകും. അത്രക്കും  ശക്തമായാണ് ഓരോ കാറ്റും  വീശിയടിക്കുന്നത്. പലപ്പോഴും ചീറിയടിക്കുന്ന കാറ്റിന്റെ നിലവിളികള്‍ .കഴുത്തില്‍ കുരുക്ക്  മുറുകിയ  മൃഗങ്ങളുടെ നിലവിളികള്‍ക്ക്‌  തുല്യമാണ്. .ശരിക്കും ഭയം ജനിപ്പിക്കും. ഓരോ വീടുകളെയും വേര്‍തിരിക്കുന്ന പലക കൊണ്ടുള്ള മറകള്‍ (മതിലുകള്‍ പോലെ). വീടുകളുടെ ഇടയില്‍ ‍, എപ്പോഴും കാറ്റില്‍ ആടി ഉലയുന്ന ചെറുതും വലുതുമായ മരങ്ങള്‍.                                      
വലിയ മേഘങ്ങളുടെ നാട്ടില്‍*

* New Zealand = Aotearoa = Land of Long White Cloud=വലിയ മേഘങ്ങളുടെ നാട്
വസന്തകാലം

Spring in Christchurch
                               കാലാവസ്ഥയ്ക്ക്  മാറ്റമായി. ഇനി സ്പ്രിംഗ് (വസന്തകാലം) ആണ്. മാളത്തില്‍ നിന്ന് പുറത്ത്  ഇറങ്ങാം. അല്ല  ഇറങ്ങി. പുറത്ത് കണ്ട കാഴ്ചകള്‍! ഒരു  ഫാമിലിക്കൊപ്പമാണ് പോക്ക്.  ഇവിടെ വീടുകളെക്കാളും  കൂടുതല്‍  റോഡുകളാണ്. അതും, അതിമനോഹരവും അതി വൃത്തിയുമുള്ള റോഡുകള്‍ . റോഡിന്റെ  ഓരം തോറും ചെടികളും പൂക്കളും മരങ്ങളും.  . മുഷിഞ്ഞ ഒരു വെള്ള ഷൂ പോലും ഒരാളുടെയും കാലില്‍ കാണാന്‍ കഴിഞ്ഞില്ല (ഓ...വിഷയം  മാറിപ്പോയി).


കാശ്മീര്‍  ഹില്ല്സ്
Cashmere Hill Top


                                  ആദ്യം കുറെ ദൂരം റോഡില്‍ കൂടി തന്നെയായിരുന്നു യാത്ര. റോഡില്‍ നിന്ന്   നോക്കിയാല്‍ മുകളിലേക്ക് ചാഞ്ഞും ചരിഞ്ഞും പോകുന്ന മല. അത്  അങ്ങ്  ചക്രവാളത്തില്‍ എത്തി നില്‍ക്കുന്നു. താഴെ മുതല്‍ മുകളിലേക്ക്‌ വീടുകളുടെ ഒരു സ്വപ്ന ലോകം. അതും ഒന്നാന്തരം മണിമാളികകള്‍! നിറയെ വീടുകള്‍ . പൂമരങ്ങള്‍ കൊണ്ടും, പൂക്കള്‍ കൊണ്ടും അലംകൃതമാണ് ഓരോ വീടും. വളഞ്ഞു  പുളഞ്ഞുള്ള റോഡിലൂടെ ഞങ്ങള്‍  മുകളിലേക്ക്  കുതിച്ചു. ഏറ്റവും മുകളിലെത്തി. അവിടെ വീടുകളൊന്നും ഇല്ല. വൈകുന്നേരമാണ്  ഞങള്‍ പോയത്. താഴെയുള്ള കാഴ്ചകള്‍ വർണ്ണിക്കാൻ പറ്റില്ല.അത്ര മനോഹരമാണ്. ഇതാണ് "കാശ്മീര്‍  ഹില്ല്സ് " ഞങ്ങള്‍  തിരികെ  ഇറങ്ങി.


സംനെര്‍ ബീച്ച് 

Sumner Beach

                                     പിന്നെ മറ്റൊരു ദിവസം  ഞങ്ങള്‍ പോയത് 'സംനെര്‍‍'ബീച്ചിലേക്കാണ് . ഇവിടേക്കുള്ള യാത്രയും നയനാനന്ദകരം ആണ് . പോകുന്ന വഴിയോരത്തെല്ലാം  ചെമ്മരിയാടുകളും   കന്നുകാലികൂട്ടങ്ങളും.  കടല്‍ തീരത്തിനോട് ചേര്‍ന്ന്  പോകുന്ന റോഡില്‍ നിന്നാണ്  മലമ്പ്രദേശം  തുടങ്ങുന്നത്. റോഡിന്‍റെ ഒരു വശത്ത്, റോഡിന്‍റെ ഒപ്പം തന്നെ കടല്‍ വെള്ളം. മറുവശവും കുറേഭാഗം വെള്ളമാണ് . അവിടെ ഞങ്ങള്‍ വളരെ സമയം ചെലവഴിച്ചു. ധാരാളം  ആള്‍ക്കാര്‍  വന്നും  പോയും  ഇരുന്നു. ഇതാണ്  "സംനെര്‍" ഈ  കടലിന്  നല്ല കരിനീല നിറമാണ്‌.

            റോഡിനു ഒപ്പം കുറെ ഭാഗം വരെ റോഡിനു ഇരു വശവും ഉള്ള വെള്ളത്തിന് കരിനീല നിറമാണ്. മറ്റൊന്ന് വെള്ളത്തില്‍  ഉയര്‍ന്നു  നില്‍ക്കുന്ന  കല്ല്‌  ഒരു  പ്രത്യേകത  തന്നെയാണ് . ഞങ്ങള്‍ ആ കല്ല്‌  കാണുബോള്‍  വെള്ളത്തിൽ നില്ക്കുന്ന രീതിയിലായിരുന്നു .എന്നാല്‍ വെള്ളം  ഇറങ്ങി   തീരത്ത്  നില്‍ക്കുന്ന  അവസ്ഥയും  ഉണ്ടാവാറുണ്ട് .

ലിറ്റില്‍ടണ്‍ ഹാര്‍ബര്‍

Uttarkashi
                   ഇവിടെ നിന്ന്  നേരെ  പോയത്  "ലിറ്റില്‍ടണ്‍ ഹാർബറി ലേയ്ക്കാണ്'' അവിടെ  ഞങ്ങള്‍  ടൈം ബോല്‍ സ്റ്റേഷന്‍  കാണാനാണ് പോയത് .ഭൂമികുലുക്കത്തില്‍ ഉണ്ടായ  എന്തോ  കുഴപ്പം  കാരണം  അങ്ങോട്ടുള്ള  പ്രവേശനം  നിരോധിച്ചിരിക്കയാണ്. അതുകൊണ്ട്  കാണാന്‍ കഴിഞ്ഞില്ല .ഇത് വളരെ ഉയരത്തിലാണ് .ഉയരം കൂടിയ  ഒരു  പോസ്റ്റിന്റെ  അറ്റത്തായി വടക്ക്  നോക്കി  യന്ത്രം   ഘടിപ്പിച്ചിട്ടുണ്ട് . താഴെ തുറമുഖമാണ് . കടലിന്റെ അങ്ങേ അറ്റത്തു  നിന്ന്  നോക്കിയാല്‍  പോലും ഈ ഉയര്‍ന്ന  സ്ഥലത്ത്  നില്‍ക്കുന്ന  വടക്ക് നോക്കി യന്ത്രം കാണാം തുറമുഖത്ത് കിടക്കുന്ന കപ്പൽ   ശ്രദ്ധിച്ചപ്പോഴാണ്  അതില്‍  ഹിന്ദിയില്‍  എഴുതിയിരിക്കുന്നത്  പോലെ  തോന്നിയത് . മാതൃ  രാജ്യത്തെ  കപ്പലാണല്ലോ  എന്ന്  കണ്ടപ്പോള്‍ എല്ലാവരും  കൂടി , അത് എങ്ങിനെയും വായിച്ചെടുക്കണം എന്നായി. കഷ്ട്ടപ്പെട്ടാണ്  എങ്കിലും വായിച്ചെടുത്തു .'Uttarkashi' എന്നായിരുന്നു  എഴുതിയിരുന്നത്. എല്ലാവര്ക്കും  സന്തോഷമായി .തുറമുഖത്ത്  എന്തൊക്കയോ  വിചിത്ര  വാഹനങ്ങളും  കപ്പല്‍ പോലും  എടുത്തുയര്‍ത്താന്‍  പറ്റിയ ക്രെയിനുകളും കിടക്കുന്നത്  കണ്ടു . നേരം ഇരുട്ടി  തുടങ്ങിയതിനാൽ  .ഞങ്ങള്‍ തിരികെ  യാത്രയായി.

അക്രോവ
Akaroa Habour
                 അക്രോവ  ഒരു തുറമുഖമാണ് അതിനാല്‍തന്നെ അവിടെ  ബീച്ചില്ല. കരയില്‍ നിന്നെ  കടല്‍ തുടങ്ങുകയായി .ക്രുയിസ്  ഒരു  ഒന്നാന്തരം  ബോട്ടാണ്  എന്ന്  പറയാം .വശങ്ങളിലും മുകളിലും ,മുന്‍വശത്തും  പുറകുവശത്തും ഒക്കെ നിന്ന് കാഴ്ചകള്‍ കാണാം .. മുകളിലും  പുറകുവശത്തും  ,ഇരിപ്പിടങ്ങള്‍  ഉണ്ട് .അകത്തു  വിശാലമായ സ്ഥലവും  ഇരിപ്പിടങ്ങളും .ടി.വിയില്‍ പുറത്ത് കാണുന്ന കാഴ്ചകളെ  കുറിച്ച്  വിശദമായ  വിവരങ്ങളും ,കാഴ്ചകളും. ആ പറയുന്നത്  എല്ലാം  പുറത്തുള്ളവര്‍ക്കും  കേള്‍ക്കാം . അകത്ത് പ്രായമായ  രണ്ടോ , മൂന്നോ പേര്‍  മാത്രം .യാത്രക്കാര്‍ എല്ലാവരും വെള്ളക്കാരാണ് .അധികവും  കാണാന്‍  ഭംഗി ഉള്ളവരാണ് .ഒന്ന്  കാണാം  എന്ന് കരുതി  നോക്കാന്‍  തുടങ്ങിയാല്‍ അപ്പോള്‍ മകൾ  പറയും അങ്ങനെ തുറിച്ചു  നോക്കല്ലേ  അമ്മെ എന്ന് .അതുകൊണ്ട്  ഇവരെ ഈ  എട്ട് മാസത്തിനിടയിലും നേരെ  ചൊവ്വേ  കാണാന്‍ പറ്റിയിട്ടില്ല. ഏതായാലും ക്രുയിസ്  യാത്ര  തുടങ്ങി കഴിഞ്ഞു .

Black Cat Cruises

                                 ഉള്‍ക്കടലിന്റെ  പ്രാന്ത പ്രദേശത്തേക്ക്  ആണ് യാത്ര  എന്ന്   തോന്നുന്നു .സാവകശത്തിലാണ്‌ പോക്ക് . ഞങ്ങള്‍  പോകുന്ന വശം  ഉയര്‍ന്ന പാറകളാണ് . മറ്റേ വശം ഉയരം  കുറഞ്ഞു ,പുറത്തേക്ക്  വിശാലമായ ഉയര്‍ന്നും  താഴ്ന്നും  കിടക്കുന്ന  മലകള്‍ . കടലില്‍  നിന്ന്  ഉയര്‍ന്നു  നില്‍ക്കുന്ന  പാറകള്‍ കണ്ടാല്‍ ഭയം തോന്നും. .അത്ര ഉയരം! .ഒരു  ഭാഗത്ത് എത്തിയപ്പോള്‍  ക്രുയിസ്  നിര്‍ത്തിയിട്ടു . ആ  ഭാഗത്തെ  പാറയുടെ ഉയരം കണ്ടപ്പോള്‍  ഇടുക്കി  അണക്കെട്ടാണ്  ഓര്‍മ്മ  വന്നത് . അണക്കെട്ടിന്റെ  മറുവശത്തിന്റെ (വെള്ളമില്ലാത്ത വശം )ഏറ്റവും അടിയില്‍  ചേര്‍ന്ന്  നിന്ന് മുകളിലേക്ക്  നോക്കുബോള്‍  കാണുന്ന  അതെ  പോലെ ...അതെ ..അത് പോലെ...തന്നെ ഡോൾഫിനുകളെ  കാണാന്‍ പറ്റും എന്ന് പറഞ്ഞിട്ട്  ഒന്നിനെയും  കാണുന്നില്ല . യാത്ര   വീണ്ടും  തുടര്‍ന്നു. കുറെ ആയപ്പോള്‍  അതാ  ഒരു  ഡോള്‍ഫിന്‍ .എല്ലാവരും  ഒച്ച വെച്ച് തുടങ്ങി . സന്തോഷം  കൊണ്ട് ഹായ് ...ദേ....കണ്ടോ ....എന്നൊക്കെ പറഞ്ഞുതുടങ്ങി .അതാ  വീണ്ടും ഒന്ന് .....രണ്ട്....മൂന്ന്....നാല് .....ക്രമേണ  അതിന്റെ  എണ്ണം  കൂടി.......കൂടി വന്നു . അവ ബോട്ടിന് ചുറ്റും  വലം  വെച്ച് .ചാട്ടവും,ഓട്ടവും ബഹളമയം .ഒരു ഏഴ്,എട്ട്  എണ്ണം  എങ്കിലും  ഉണ്ടായിരുന്നു . അവകള്‍  ബോട്ടിനെ പൊതിഞ്ഞു  നിന്നു.എല്ലാവരും  അത് കണ്ടു അട്ടഹാസം ...ചിരി ...ഫോട്ടോ  ക്ലിക്കുകള്‍ .ബോട്ട്  അവിടെ  ഒരു മണിക്കൂര്‍ എങ്കിലും  നങ്കൂരമിട്ടു .



                         ഇപ്പോള്‍ നിർജജീവമാണെങ്കിലും അഗ്നി പർവ്വതങ്ങൾ  പൊട്ടിയപ്പോള്‍ ഉണ്ടായ പാറകളാണ് ചുറ്റും. ഓരോ തവണ പൊട്ടുന്നതിനനുസരിച്ചു അതിനുയരം കൂടി കൊണ്ടിരുന്നു. പാറയില്‍ വിലങ്ങനെ കാണുന്ന ഓരോ അടുക്കുകളും ഓരോ അഗ്നിപർവ്വത  സ്പോടനങ്ങളുടെ അവശേഷിപ്പുകളാണ് . നൂറ്റാണ്ടുകളുടെ പരിസമാപ്തി. വീണ്ടും  തരികെ  ഉള്ള യാത്ര  ആരംഭിച്ചു .

ഡോള്‍ഫിനുകളുടെ  സ്നേഹം  കണ്ടിട്ട്  പോരാന്‍  തോന്നിയില്ല .സ്നേഹം ...അത്  എവിടെയും  നമ്മെ  തളച്ചിടും.

                                          തിരികെയുള്ള  യാത്ര  വളരെ വേഗത്തിലായിരുന്നു ,കരയിലെത്തിയ  ഞങ്ങള്‍ ലൈറ്റ്  ഹൗസിന്  ചുറ്റും  ഒന്ന് വട്ടം കറങ്ങി .അപ്പോഴാണ്  അടുത്ത്  സെമിത്തേരി  എന്നബോര്‍ഡ്‌ ,കണ്ടത്.ഇരുണ്ട  മരക്കൂട്ടങ്ങളിലേക്ക്, അതിനുള്ളിലേക്കുള്ള വഴി  കാട്ടി ചൂണ്ടു പലകയായി നില്‍ക്കുന്നു .നമുക്ക്  അവസാനം  പോകേണ്ടത്  ഇങ്ങനെഉള്ള  സ്ഥലത്തെക്കല്ലേ  എന്ന് പറഞ്ഞ് ഞങ്ങള്‍ അങ്ങോട്ട്‌  നടന്നു .ഒരേക്കറോളം  നല്ല  പുല്‍ മൈതാനം .അവിടെ  നിര  നിരയായും  അല്ലാതെയും  കല്ലറകള്‍ .

 വലിയ കല്ലറകള്‍ക്ക് എല്ലാം  തന്നെ( അപൂര്‍വ്വം ചെറുതിനും) പേരെഴുതിയതും  ,അല്ലാതെയും  വലുതും  ചെറുതുമായ  പരന്ന സ്തൂപങ്ങള്‍  നാട്ടിയിരുന്നു. പേരെഴുതിയിട്ടുള്ളവയിൽ  മരിച്ചയാളുടെ ഒരു ചെറിയ കുടുംബ   ചരിത്രം തന്നെ ഉണ്ടായിരുന്നു, ആരുടെയൊക്കെ അമ്മ/ അപ്പന്‍, ഭാര്യ/ഭര്‍ത്താവു, മകള്‍/മകന്‍ ആയിരുന്നു എന്ന്. മിക്കതും  ഭൂമി  കുലുക്കത്തില്‍ മറിഞ്ഞു  വീണിരുന്നു .കല്ലറയുടെ  മേല്പ്പാളികള്‍(മൂടി) ഇളകി കിടന്നു ,പൊട്ടിയും  അടർന്നും  ഒക്കെ . കല്ലറകള്‍  ഇല്ലാത്ത  കൊച്ച് ശവകുടീരങ്ങളും  കണ്ടു . ചുറ്റും  മതിലുകള്‍  ഒന്നും ഇല്ല.പറയുകയാണെങ്കില്‍ നല്ല  നല്ല  വീടുകളാണ്  അതിരുകള്‍. വീടുകളല്ല ,മണിമാളികകള്‍ ,സൗധങ്ങൾ   എന്നൊക്കെ  പറയാം .ഇതു കടല്‍  തീരത്ത്‌ നിന്ന്  വളരെ  വളരെ  ഉയര്‍ന്ന സ്ഥലമാണ്‌ .ഇതിന്റെ താഴെ കൂടി റോഡ്‌ പോകുന്നു .കടലിനോടും ,ലൈറ്റ് ഹൗസിനോടും   ചേര്‍ന്ന് .ഇവിടെ നിന്ന് നോക്കിയാല്‍  കടല്‍  വിസ്തൃതമായ  ഒരു  കാഴ്ചയാണ് .നല്ല  കാറ്റും .അതാവാം  ഇവിടെ സെമിത്തേരിയെ   പൊതിഞ്ഞും  ഇത്രയും വീടുകള്‍ .നേരം ഇരുണ്ടു  തുടങ്ങി  ഞങ്ങള്‍  തരികെ  യാത്രയായി .
         
മ്യുസിയം         


                                         മ്യുസിയം  എന്ന് പറഞ്ഞാല്‍  അറിയാമല്ലോ .പുരാതന  കലാ ,സാംസ്ക്കാരിക ,പൈതൃകങ്ങളെ ,അവശേഷിപ്പുകളുടെ  പൊട്ടും പൊടിയുമായും.വായിച്ചും ,കേട്ടും  ഉള്ള അറിവുകളെ ഭാവനയിലൂടെ ചിത്രങ്ങളായും ശില്പ്പങ്ങളായും അക്ഷരങ്ങളിലൂടെയും  ക്രമീകരിച്ചിരിക്കുന്നു ന്യൂ സീലണ്ടിന്റെ  യഥാര്‍ത്ഥ  അവകാശി കളായ  മാവോരികളുടെ ഭൂതകാലം ,അര്‍ദ്ധനഗ്നരായ സ്ത്രീകളും ,പുരുഷന്മാരും ,കുട്ടികളും .ശില്പ്പങ്ങളായി  അത് പുർജ്ജനിപ്പിച്ചിരിക്കുന്നു  .പഴയ  കാലത്തെ  തെരുവുകള്‍ പോലും അപൂര്‍വ കരവിരുതുകളിലൂടെ  പുനസൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നു .വളരെ മനോഹരമാണ്  അവ .പക്ഷെ  ഇതിലോക്കെയും വിശിഷ്ട്ടമായെനിക്ക്  തോന്നിയത്, ഭൂമി കുലുക്കത്തിന്റെ  ഒരു വലിയ  പോസ്റ്ററാണ്  . അതില്‍ ഭൂമി കുലുക്കത്തെ സംബന്ധിച്ചുള്ള   എല്ലാ വിവരങ്ങളും  രേഖപ്പെടുത്തിയിരിക്കുന്നു. ഞങ്ങള്‍  കാണുബോള്‍ വലിയ ഭൂചലനം  ഉള്‍പ്പെടെ 4589 (ഇപ്പോള്‍ അത് 4798 വരെ എത്തി നില്‍ക്കുന്നു) തുടര്‍  ചലനങ്ങള്‍ അവിടെ രേഖപെടുത്തിയിരുന്നു .ഈ മ്യുസ്സിയത്തിന്റെ  പേര്  'Canterbury Museum, Christchurch, എന്നാണ്.

ആര്‍ട്ട്‌ ഗ്യാലറി



                                മ്യുസ്സിയത്തില്‍  നിന്ന്  ഞങ്ങള്‍  പോയത്  'Christchurch  Art Gallery ഗ്യാലറി'യിലേയ്ക്കാണ്  .ചിത്രങ്ങള്‍ ...  ജീവന്‍  തുടിക്കുന്ന  ചിത്രങ്ങള്‍ ,മനുഷ്യരും, മൃഗങ്ങളും,  പ്രകൃതിയും . അത് കണ്ടപ്പോൾ  എനിക്കുണ്ടായ  വിസ്മയം  പറഞ്ഞറിയിക്കാന്‍  വയ്യ .അപ്പോള്‍  ഞാന്‍
എന്റെ  കഴിഞ്ഞ  കാലം  ഓര്‍ത്തു  പോയി. ചിത്ര  രചന  പഠിച്ചിട്ടില്ലാത്ത   ഞാന്‍  വീടിന്റെ  ഭിത്തിയില്‍ ,അകത്തും ,പുറത്തും  റൂളി പെന്‍സില്‍  കൊണ്ട്  നല്ല സീനറികള്‍
വരച്ചു .കളര്‍  പെന്‍സില്‍  കൊണ്ട്  കളര്‍  കൊടുത്തു  മനോഹരമാക്കി . പുറത്തെ ഭിത്തിയില്‍ ,സീനായ്  മലയില്‍  നിന്ന് പത്ത് കല്പ്പനകളുമായി  ഇറങ്ങി  വരുന്ന  മോശ്ശയുടെ
ചിത്രം  വരച്ചു .ഒരാളോളം  വലുപ്പത്തില്‍. .സ്റ്റൂളില്‍  കയറി നിന്നാണ്  മുകള്‍ ഭാഗം  വരച്ചത് .പത്ത്  കല്‍പ്പനകള്‍  പോലും  അതില്‍  എഴുതിയിരുന്നു .ഒരു പടം  നോക്കിയാണ്  വരച്ചത് .
  മകന്‍  എനിക്ക്  ചിത്രം  വരക്കാനുള്ള കളങ്ങള്‍ വരച്ചു തന്നു . വരച്ചു  കഴിഞ്ഞപ്പോള്‍  അതിന്റെ ഭംഗി  എന്നെ അത്ഭുതപ്പെടുത്തി . കാറ്റും  വെയിലും  അടിക്കുന്നത്
കൊണ്ട്  അത്  മങ്ങി  മങ്ങി  പോകും. അപ്പോള്‍  ഞാന്‍   തെളിച്ചു വരച്ചു  കൊണ്ടിരുന്നു. .അത്  പോലെ യേശുവിന്റെ  രൂപം ഞാന്‍  തൂവാലയിലും,കടലാസ്സിലും  വരച്ചു .തൂവാലയില്‍  വരച്ചത് , വേദപാഠ ക്ലാസ്സിലെ  കുട്ടികളുടെ  പരിപാടികള്‍ക്ക് വേണ്ടി ആയിരുന്നു .വരച്ചു  കഴിഞ്ഞപ്പോള്‍ എനിക്കത്  കൊടുക്കാന്‍  തോന്നുന്നില്ലായിരുന്നു. .എന്നാല്‍
ആവശ്യം  കഴിഞ്ഞു  തിരികെ  തരണം  എന്ന് പറയാനും കഴഞ്ഞില്ല .യേശുവിന്റെ ചിത്രവും, മോശയുടെ  ചിത്രവും  കണ്ട ഏറെ പേര്‍  എന്നെ അഭിനന്ദിച്ചു..ഇതിന്റെ  ഒക്കെ  ഫോട്ടോകള്‍ ഉണ്ടായിരുന്നു .സ്വന്തം  ക്യാമറയില്‍  അല്ല .ക്യാമറ ഉള്ള  ആരെങ്കിലും  വരുബോള്‍  എടുപ്പിക്കുന്നത് .യേശുവിന്റെ  ചിത്രം കമ്പ്യൂട്ടറില്‍  ഇട്ടിരുന്നു .അതിപ്പോ ഉണ്ടോ
ആവോ ..? .ഭിത്തിയിലെ  ചിത്രം ,വീട്   പെയിന്റ്  ചെയ്തപ്പോള്‍  പോയി. എന്നെ ഇങ്ങനെ, ഭിത്തിയില്‍ വരയ്ക്കുന്നതിന് ആരും  തടസ്സപ്പെടുത്തിയില്ല .എല്ലാവരും  അത് ആസ്വദിച്ചു .
    ഒരു  ക്രിസ്മസ്സിനു  ഉണ്ണി യേശുവിനെയും  മാതാവിനെയും  ഭിത്തില്‍  വരച്ചു. ഉണ്ണിയേശുവിന്റെ  ചുണ്ടിലെ പുഞ്ചിരി ....ഇത്ര മനോഹരമായി വരയ്ക്കാനെനിക്കെങ്ങനെ കഴിഞ്ഞു എന്ന് ഞാൻ ഓർത്തുപോയി.
അടുക്കള പണികള്‍ക്ക്  ഇടയിലും  ഞാന്‍ പലവട്ടം   ചെന്ന്  നോക്കുമായിരുന്നു .രണ്ട് ദിവസങ്ങള്‍ക്ക്  ശേഷം  പെയ്ത  മഴയിൽ  ആചിത്രവുംമാഞ്ഞു പോയി.
 അതുപോലെ  തിരു കുടുംബത്തിന്റെ ചിത്രവും  വരച്ചിരുന്നു  ഭിത്തിയില്‍. അതിനു  കളര്‍  പെന്‍സില്‍ കൊണ്ട്  കളര്‍  കൊടുത്തപ്പോള്‍  ഭംഗി പോയി എന്നാലും അത്  നനയാത്ത സ്ഥലത്ത്   ആയിരുന്നത് കൊണ്ട്  ഏറെ  നാള്‍  ഉണ്ടായിരുന്നു. പലർക്കും ഇങ്ങനെ ഭിത്തിയിൽ വരയ്ക്കുന്നത്  ഇഷ്ട്മായി  എന്ന് വരില്ല. എന്നാൽ എന്റെ  ഏറ്റവും  വലിയ സന്തോഷമായിരുന്നു  ഇത്.
     ആർട്ട്  ഗ്യാലറിയില്‍  ധാരാളം ചിത്രങ്ങള്‍  ഉണ്ടായിരുന്നു . ചിത്രത്തിന്‍റെ കൂടെ  അതിന്റെ  പശ്ചാത്തലവും  വിവരിച്ചിരുന്നു .എല്ലാം  കണ്ട് സംതൃപ്ത്തിയോടെ  വീട്ടിലയ്ക്ക്  പോന്നു  മകളുടെ ഫ്രെണ്ട്സിന്റെ  കൂടെയാണ് ഈ യത്ര .എന്റെ മകളെപ്പോലെ പഠനത്തിനു വന്നവർ  ആയിരുന്നില്ല അവർ.  ജോലി ഉള്ളവര്‍  ആണ് .സ്വന്തം  വണ്ടിയുമുണ്ട് .
പൈന്‍ ബീച്ച്

             
                                         പൈന്‍ ബീച്ച് ഒരു വലിയ  ബീച് ആണ് .വിസ്തൃതമായി  കിടക്കുന്ന ഒരു  കടല്‍  തീരം .ഒരു  രസവും  തോന്നിയില്ല .ഭയങ്കര  തണുപ്പും കാറ്റും .വളരെ  കുറച്ചു  ആള്‍ക്കാര്‍  വളരെ കുറച്ചു  പട്ടികള്‍ . തീരെ  വൃത്തി തോന്നാത്ത  ബീച്ച് .ബീച്ചിന്റെ ആ പ്രദേശം  മുഴുവന്‍  പൈന്‍  മരങ്ങളാണ് .അത്  വളരെ  ഭീകരമായ  ഒരു  ഭംഗിയാണ് .അത് കൊണ്ടായിരിക്കാം പൈന്‍ ബീച്  എന്നുള്ള  പേര്  വന്നത് .ഞങ്ങൾ പെട്ടെന്ന്തിരികെ  പോന്നു .

മൌണ്ട്  പ്ളസന്റ്
ന്യൂസീലണ്ടിലെ ഒരു വീട്
                                            'Mount Pleasant ' എന്ന സ്ഥലത്ത്  പോയത്   'Trade Me'  എന്ന ഒരു സംഭവത്തിലൂടെ (ഇന്റെര്‍നെറ്റിലൂടെ  ഉള്ള  ഒരു  വാങ്ങല്‍, കൊടുക്കല്‍ കച്ചവടമാണ് .പഴയതും, പുതിയതും, ഒക്കെ  ഇതില്‍പെടും) വാങ്ങാനുറച്ച Artifical flowers  വാങ്ങാന്‍ പോയതാണ്. ആ  മലയും  മലയിലുള്ള  മണിമാളികകളുടെ  കോളണികൾ   കണ്ടിട്ട് അത്ഭുതപ്പെട്ട്‌ നിന്ന് പോയി .  എന്തൊരു  ലോകം .... ഭൂമിയുമായി  ബന്ധം  ഒന്നുമില്ല  മുറികള്‍ക്ക്. കലയിലുള്ള  അതി നൈപുന്ന്യമാണ്  ഇവിടെ കാണുന്നത്. വീടിന്റെ നാലുവശത്തേക്കും  ഉള്ള മുറികള്‍  ഓരോ  തൂണിലോ,കമ്പിയിലോ  ഒക്കെയാണ്  നില്‍ക്കുന്നത് .അതിന്റെ  ഗുടെന്‍സ്  എന്താണാവോ ...എല്ലാം  പലക കൊണ്ടുള്ള  പണി  ആയതുഅകൊണ്ട് ആകാം  എങ്ങനെ ഉണ്ടാക്കാന്‍  പറ്റുന്നത് . കാറ്റോ.......! ഒന്നും  പറയണ്ട ....ഞങ്ങള്‍ വണ്ടിയിൽ  നിന്ന് ഇറങ്ങിക്കഴിഞ്ഞപ്പോൾ കാറ്റത്ത്‌ വണ്ടി ആടി  ഉലയുന്നു... 

വേറൊരു വീട് 
മൊണാവെയില്‍      

തടാകം
                എനിക്ക് ഇനി ഒരു  പൂവും  ഈ ഭൂമിയില്‍  കാണാനില്ല എന്ന് തന്നെയാണ്  തോന്നിയത്. ഈ ഗാര്‍ഡന്‍  കണ്ടിട്ട്.  നമ്മുടെ  നാട്ടിലെ  റോസ്മാത്രമേ  എനിക്കറിയാവുന്നത്  കണ്ടുള്ളൂ. ഈ ഗാര്‍ഡന്‍ ന്റെപേര്  'Monavale'.
റോസ് ഗാര്‍ഡന്‍

ഇവിടുത്തെ റോസ് ഗാര്‍ഡന്‍ വളരെ പ്രശസ്തമാണ്. തടാകങ്ങളും പച്ചപുല്‍ വിരിച്ച മൈതാനങ്ങളും ഇതിന്റെ പ്രതേകതയാണ്‌. ഈ ഗാര്‍ഡന്‍ വളരെ തിരക്കുള്ള വിവാഹ വേദിയാണ്.

                         നോക്കെത്താത്ത  ദൂരത്തോളം  ഉള്ള  സമനിലങ്ങള്‍, അത്രത്തോളം  തന്നെ മലമ്പ്രദേശങ്ങള്‍ .....പച്ച നിറമാര്‍ന്ന  സമനിലങ്ങളില്‍  എണ്ണമില്ലാത്ത വിധം  ചെമ്മരിയാടുകള്‍മേഞ്ഞ്നടക്കുന്നു .അത് പോലെ തന്നെ  കറുപ്പും  വെളുപ്പും , അതിന്റെ  സങ്കര നിറങ്ങളുമായി  കന്നുകാലിക്കൂട്ടങ്ങള്‍ ....ഇത്  ഇവിടെ  എവിടെ  നോക്കിയാലും  കാണുന്ന  ഒരു  കാഴ്ചയാണ് .

   പിന്നെ  പാല് ,....പാലാണ് ഇവിടുത്തെ  പ്രധാന  ഉല്‍പ്പന്നം എങ്കിലും   പാലിന്  വില  ഒട്ടും  കുറവില്ല ,കുറയുകയുമില്ല . തണുപ്പ്  രാജ്യമാണ് , ചുറ്റും  കടലുമുണ്ട് . പക്ഷെ മഞ്ഞ് കാണണമെങ്കില്‍ (ഐസ് കട്ടകള്‍  പോലെയുള്ള  മഞ്ഞ് ) മഞ്ഞ്  മലയില്‍ പോകണം ."മൗണ്ട്ഹട്ട്  "ഒരു മഞ്ഞ്  മലയാണ് .

മൗണ്ട്ഹട്ട്
 


                സമതലത്തിലൂടെയുള്ള  യാത്രയില്‍  ചെമ്മരിയടുകളും കന്നുകാലിക്കൂട്ടങ്ങളും പലവട്ടം  മിന്നിമറഞ്ഞു .മലകളുടെ  സങ്കേതങ്ങള്‍  കണ്ടു തുടങ്ങി .ഇനി  കയറ്റം  തുടങ്ങുകയാണ്   കൂര്‍ത്ത്   ആകാശം  മുട്ടെ നില്‍ക്കുന്ന  മലകള്‍.അവ മലകളുടെ അനേകം നിരകളുള്ള കൂർത്ത  ഗോപുരങ്ങളായാണ് തോന്നിയത്.  അവയുടെ ചെരിവിലൂടെ ആണ്  റോഡ്‌ പോകുന്നത്.ഓരോ മലഗോപുരങ്ങളെയും ഒന്ന് വലം വെച്ചാണ് മഞ്ഞു മലയിൽ എത്തുക. വണ്ടി ഒന്ന് പാളിയാല്‍ .........അങ്ങ്  താഴെ ഗർത്തത്തിൽ ...... എങ്കിലും  ... പല നിര മലകള്‍  കയറി ഇറങ്ങുബോള്‍  ഇടയ്ക്കിടെ അങ്ങ്  ദൂരെ ആകാശത്തില്‍  മുട്ടി നിക്കുന്ന  മഞ്ഞ്  മലശ്രേഷ്ട്ടന്റെ  തലയെടുപ്പ് . പലവട്ടം  ഞങ്ങളെ  എത്തി നോക്കി . ശരിക്കും ഒരു  ഒളിച്ചേ  ..കണ്ടേ ..കളി.  നല്ല  തമാശയായി  തോന്നി .അത് കാണുബോള്‍   നമുക്കും  വല്ലാത്തൊരു ......എന്തോ ..ഒന്ന് .നമ്മളും  ആ  കളിയില്‍  അറിയാതെ   പെട്ടുപോകുന്നു. അടുക്കുംതോറും  മഞ്ഞ് മല  കൂടുതല്‍ തെളിവായിക്കൊണ്ടിരുന്നു.


                                                   ആകാശം മുട്ടിനില്‍ക്കുന്ന (ആകാശവും  മഞ്ഞുമലയും വേര്‍തിരിക്കാനവാതെ ,മഞ്ഞ് മലയുടെ  തുടര്‍ച്ചയെന്നോണം). മഞ്ഞ് മല .നോക്കെത്താത്ത ദൂരത്തോളം  താഴ്വാരത്തിലേക്ക് പോകുന്ന മഞ്ഞിന്റെ  കുത്തനെയുള്ള  ചെരിവ് .അതിലൂടെ ഉറുമ്പുകളെ  പോലെ  തോന്നിക്കുന്ന  സ്കിയേഴ്സ്.  .ഞങ്ങള്‍  ചെല്ലുബോള്‍  ഒരു ഹെല്‍കോപ്പ്റെര്‍  പറന്നുയരുന്നു . അതില്‍  നിന്ന് സ്ട്രെക്ച്ചര്‍  തൂങ്ങി  കിടക്കുന്നുട് .അതില്‍  ഒരാള്‍  കമഴ്ന്നു  കിടക്കുന്നു. ഹെല്കപ്പ്ട്ടെര്‍  താഴ്വരത്തിലെക്ക്  പറന്നുപോയി. 
വണ്ടികള്‍  പാര്‍ക്ക് ചെയ്യാനായി  കുറെ  സ്ഥലം  നിരപ്പാക്കിയിട്ടുണ്ട്.അവിടെയെല്ലാം  വണ്ടികളാണ് . വണ്ടി അവിടെ  പാര്‍ക്ക്‌  ചെയ്തിട്ട്  ഞങ്ങളും  അതിലെ  നടന്നു .എല്ലാ  പ്രായത്തിലുമുള്ള  ആള്‍ക്കാരെ  കൊണ്ട്  അവിടം  നിറഞ്ഞിരിക്കുന്നു .കുറെ  പേര്‍ ഭക്ഷണം  കഴിക്കുന്നതിന്റെ തിരക്കില്‍ .കണ്ടാല്‍  തോന്നും അവര്‍  വന്നത്  തന്നെ  അവിടുത്തെ restaurants കാലിയാക്കാനാണെന്ന്. എന്നാല്‍  കുട്ടികളും  ചെറുപ്പക്കാരും  സ്കീയിങ്ങിലാണ് . വീണ്ടും  ഹെല്കപ്പ്ട്ടര്‍ന്റെ  ശബ്ദം .ആദ്യം  കണ്ട  ഹെലികോപ്പ്റെര്‍ തന്നെ .സ്ട്രെക്ച്ചരില്‍  ഒരാള്‍  കിടന്നും, ആദ്യം പോയയാള്‍ അതില്‍  പിടിച്ചു  നിന്നുമാണ്  വന്നത് . ആര്‍ക്കോ സ്കീയിങ്ങില്‍ എന്തോ പറ്റി എന്ന് മനസ്സിലായി. പിറ്റേന്ന്  പത്രത്തില്‍ നിന്നറിഞ്ഞു ഒരാൾ  മരിച്ചു എന്ന്.  മരിച്ച  ആളെ  കൊണ്ടുവരാനാണ്   ഹെല്കോപ്പ്റെര്‍ താഴത്തേക്ക്‌ പോയത് എന്നും. .പത്രത്തില്‍ അയാളുടെ  ഭാര്യയുടെ  നഷ്ട്ബോധത്തിന്റേയും  ,വൈധവ്യത്തിന്റെയും  നനഞ്ഞ മുഖം.   പക്ഷെ ഈ മരണമൊന്നും സ്കീയിംഗ് കാരെ ബാധിക്കുന്നതേയില്ല. ഈ കളി അങ്ങനെ തുടർന്ന് കൊണ്ടേയിരിക്കുന്നു.അവർ ഇങ്ങനെ എത്രയോ കാഴ്ചകൾ കണ്ടിരിക്കുന്നു..

New Brighton Pier
'New Brighton Pier ' ലേക്കുള്ള  യാത്രയും നല്ല രസമായിരുന്നു. പോകുന്ന വഴികളെല്ലാം  സമതലങ്ങളും  മലഞ്ചെരിവുകളും   തന്നെ. എത്ര വരെ കണ്ണിനു  പോകാമോ അത്ര വരെയും പരന്നു  വിസ്തൃതമായി . അതിരുകളായി  തിരിച്ചിരിക്കുന്നത്  നിരയായി  നട്ട് വളര്‍ത്തിയ മരങ്ങളുടെ  വശങ്ങള്‍  ഒരേപോലെ  വെട്ടി,തലഭാഗവും  ഒരേ ഉയരത്തില്‍ മുറിച്ചു നിര്‍ത്തുന്നു . ശരിക്കും  മതിലുകള്‍  പോലെ . അത്  എത്ര  വീതിയിലും  നീളത്തിലും ഉയരത്തിലും  ക്രമീകരിക്കുന്നു .ഓരോരുത്തരുടെ  സൗകര്യം പോലെ . ഏത് വഴിയെ  പോയാലും  കണ്ണ് കുളിര്‍പ്പിക്കുന്ന  കാഴ്ചകള്‍ .
New Brighton കടല്‍പ്പാലം ഉള്ള ബീച്ചാണ് .കടലിലെ  വെള്ളത്തിനു നല്ല പച്ച നിറം .കുറെ  ആള്‍ക്കാര്‍  പാലത്തിലിരുന്നു  മത്സ്യം  പിടിക്കുന്നു . മത്സ്യം കിട്ടുന്നവരും  കിട്ടാത്തവരും  തമ്മില്‍  മത്സരം.മീന്‍  കഴിക്കണമെങ്കില്‍  ഇതാണ്  നല്ലമാര്‍ഗം .ഈ രാജ്യത്തിന്‌ ചുറ്റും  കടലാണ്  എങ്കിലും ,കടല്‍ നിറയെ  മീന്‍   ഉണ്ടെങ്കിലും,മീന്‍   ധാരാളം പിടിക്കുന്നുന്ടെങ്കിലും  ഇതു  കഴിച്ചിട്ട്  മരിക്കാം  എന്ന്  വിചാരിച്ചാല്‍  തെറ്റി . അതൊരു  സ്വപ്നം  മാത്രമായി   അവശേഷിക്കും . കാരണം ഇതിന്റെ  വില  നമുക്ക് താങ്ങാൻ പറ്റുന്നതല്ല
                 കടല്‍ വെള്ളത്തില്‍  ചെറിയ  വള്ളങ്ങളില്‍  ,തിരമാലയോടൊപ്പം  നീന്തി  തിമിര്‍ക്കുന്നവര്‍,അതും പ്രായഭേദമെന്യേ  . ഇവിടെയും  പട്ടികളും കുട്ടികളും  വെള്ളത്തിലും മണല്‍  പുറത്തും  തകര്‍ത്ത്  തിമിര്‍ക്കുന്നു .ഞങ്ങള്‍ അധികം സമയം അവിടെ ചെലവഴിച്ചില്ല.  തിരികെ പോന്നു .
       
പോര്‍ട്ട്‌ ഹില്ല്സ്

                                

                'Cashmere Hills ' പോലെ  തന്നെയാണ്  ' Port Hills' . മലംചെരിവുകളും  മണിമാളികകളും എല്ലാം ......ഏറ്റവും  മുകളില്‍  നിന്ന് നോക്കിയാല്‍  ചുറ്റുപാടും കാണുന്ന സുന്ദരമായ  കാഴ്ചകള്‍ ....ഏറ്റവും  ഉയര്‍ന്നയിടത്ത്  വളരെ ഉയരത്തില്‍  നില്‍ക്കുന്ന  ടവര്‍ ഇതാണിതിന്റെ പ്രത്യേകത.   ഞങ്ങളുടെ വീട് അവിടെനിന്നു ഏറെ ദൂരെ ആണെങ്കിലും വീട്ടില്‍ നിന്ന് നോക്കിയാല്‍ പോലും ഈ ടവര്‍ കാണാം.

ടെയിലെര്സ്  മിസ്‌ടേക്ക് 



                                           'Taylors Mistake' കടല്‍  തന്നെ.ഇവിടെ കടലിലേക്ക്  തള്ളി  ഇറങ്ങി  നില്‍ക്കുന്ന മുനമ്പുകളാണ്  ധാരാളം. മുനമ്പുകളെ  തല്ലി  തോല്‍പ്പിക്കുന്ന  തിരകളുടെ  ലീലാവിലാസങ്ങള്‍ . 'പാരഗ്ളിടിംഗ് നു പ്രശസ്തം. മനോഹരമായ  ഒരു പര്‍ക്കുണ്ടിവിടെ. പാര്‍ക്കില്‍  ഊഞ്ഞാലുകള്‍, റോഡില്‍  നിന്നുഒരു  നടപ്പാത  കടലിന്റെ  ഭാഗത്തേക്ക്  ഉണ്ട്.

ലയ്ക് ടെകാപൊ

ലയ്ക് ടെകാപൊയിലുള്ള പള്ളി

                          പെന്‍ഗ്വിന്‍ കാണാനുള്ള  ആഗ്രഹത്തിന്റെ  പുറത്താണ്  അടുത്തുള്ള  'Antartic Centre' ല്‍ പോയത്. പെന്ഗിന്റെ  ചിത്രങ്ങളാണ്‌ സെന്ററിന്റെ  വശങ്ങളിലെല്ലാം .അവയുടെ  രൂപങ്ങളും  ഉണ്ടാക്കി  വെച്ചിട്ടുണ്ട് .പക്ഷെ  കാണുന്നതിനുള്ള  നിരക്ക്  കണ്ടപ്പോള്‍  ഞങ്ങള്‍ പരിപാടി  ഉപേക്ഷിച്ചു .  ഏതായാലും  ഇറങ്ങി. ' Lake Tekapo'  ഒരു നല്ല ലേയ്ക്   ആണ് എന്ന്  കേട്ടിട്ടുണ്ട് .അങ്ങോട്ടുള്ള  യാത്ര ....വൈകുന്നേരമാണ്  ...ദൈവമേ ....യാത്രയില്‍  കണ്ട  കാഴ്ചകള്‍.....ഇത്രയും  എഴുതിയതില്‍ ,കണ്ടതൊന്നും  ഒന്നുമല്ല ...( മലം പ്രദേശത്തെ വീടുകളും,മല ഗോപുരങ്ങളും ഒഴിച്ച് ) റോഡിനു  ഇരുവശത്തും  വിശാലമായ  സമനിലങ്ങള്‍ ...പുല്ലു മേഞ്ഞു കിടന്നു.ചെമ്മരിയാടുകളും   കന്നുകാലികളും ഇടകര്‍ന്നു മേഞ്ഞുനടക്കുന്നു .ഫാമുകളില്‍  അവിടവിടെയായി ഓരോ വീടുകള്‍ .. പലയിടങ്ങളിലും  നിലങ്ങള്‍  ഉഴുത് ഇട്ടിരിക്കുന്നു . അതെല്ലാം  വലിയ സ്പ്രിങ്ങ്ലെര്‍ എപ്പോഴും നനച്ചു കൊണ്ടിരിക്കുന്നു .സാധാരണ  കാണാനാറുള്ള കാഴ്ചകള്‍ എല്ലാം  കണ്ടു കഴിഞ്ഞു  .രണ്ടു  വണ്ടികളിലാണ്‌  യാത്ര .മുന്നിലെവണ്ടിയില്‍  നിന്ന്  വിളി  വന്നു . ആ വണ്ടിയിലെ  കുട്ടികള്‍ തലേ ദിവസ്സമെത്തിയതെ   ഉണ്ടായിരുന്നുള്ളു. അവരെല്ലാം ഈ കാഴ്ചകള്‍  കണ്ടു  ഭയങ്കര  ബഹളമാണ് .പക്ഷെ  അവിടെ ഒന്നും വണ്ടി  നിര്‍ത്താനും  പറ്റില്ല .


പൈന്‍  മരങ്ങള്‍ നിരനിരയായി . ആ  ഭാഗത്താണ്  മൊട്ടക്കുന്നുകള്‍  ധാരാളമായി  കണ്ടത് . എല്ലാം നല്ല പച്ചപ്പ്‌ .പച്ചപരവതാനി  വിരിച്ചപോലെ .....മലകളുടെ  കൂട്ടങ്ങള്‍........ ചാഞ്ഞും  ...ചരിഞ്ഞും .അസ്തമയ സൂര്യന്റെ കിരണങ്ങള്‍  മലകളിലും .താഴ്വാരങ്ങളിലും  നിറഭേദങ്ങൾ  വരുത്തികൊണ്ടിരുന്നു .ഈ  വണ്ടര്‍ ലാന്‍ഡില്‍  ആദ്യം  കണ്ട  കാഴ്ചകള്‍  എന്നെ കൊണ്ട്  പറയിച്ച ശബ്ദസ്വരങ്ങൾ  വീണ്ടും എന്റെ  നാവില്‍  നിന്ന്  ഞാന്‍   അറിയാതെ    വീണു  കൊണ്ടി രുന്നു . വളരെ  വിജനമായ  വഴിയോരങ്ങള്‍ ,റോഡുകള്‍ ...... ലേയ്ക്കിനോട്    അടുക്കും തോറും മലകളെ  മഞ്ഞിന്റെ  പുതപ്പ് പതിയെ.....പതിയെ   പുതപ്പിച്ചു കൊണ്ടിരുന്നു.   ഇപ്പോള്‍  സമയം  രാത്രി  ഒന്‍പത് മണി. ഞങ്ങള്‍ ലേയ്ക്കില്‍ എത്തുമ്പോള്‍  സൂര്യന്‍ ,  ചന്ദ്രന്  വഴിമാറി  കൊടുത്തിരുന്നു . ഒരു  കൊച്ചു  പള്ളിയുടെ  മുറ്റത്താണ്  വണ്ടി  എത്തി നിന്നത് . സന്ധ്യ മയങ്ങും   നേരം ..... തടാകക്കരയില്‍ .....അല്പം  ....ഉയര്‍ന്ന  സ്ഥലത്ത്  ആ കൊച്ചു  പള്ളി  ഏകയായി  നിക്കുന്നു .പുറകില്‍ മാനത്ത്  ചന്ദ്രന്‍  പൂര്‍ണ  പ്രഭയോടെ  തിളങ്ങി നിന്നു. ഞങ്ങള്‍  പള്ളിയുടെ  കുറെ ഫോട്ടോസ്  എടുത്തു . പള്ളി അടഞ്ഞു  കിടന്ന്നിരുന്നതിനാല്‍ ഉള്ളില്‍  കയറാന്‍  കഴിഞ്ഞില്ല .    

ഞങ്ങള്‍  ലേക്കില്‍  എത്തുമ്പോള്‍  ലെകില്‍  ചന്ദ്രന്റെ  പ്രതി ബിംബം ,ഓളങ്ങളില്‍  നീന്തികളിച്ചു.തീരങ്ങളിലെ  ഉരുളന്‍ കല്ലുകള്‍  വെള്ളത്തിനു  മീതെ  പായിച്ച് ,അവസാനം  അത് ഒരു  മാത്സര്യാ മനോഭാവത്തിലെത്തി നിന്നു. കോട മഞ്ഞ്  പള്ളിക്ക്  ചുറ്റും  പടര്ന്നുകൊണ്ടിരുന്നു .

                    തിരികെ ഉള്ള യാത്രയില്‍   ചൈന്നീസ്  റെസ്റ്റൊരെണ്ടിൽ   കയറി .അവിടുത്തെ  ഭക്ഷണവും, ഭക്ഷണ രീതികളും  എന്നെ  അത്ഭുതപ്പെടുത്തി  . മത്സ്യ മാംസാതി കള്‍ക്ക്  ഒപ്പം, അതില്‍ കൂടുതലായി  സസ്യ വിഭവങ്ങളും രണ്ട് ചെറിയ കോലുകൾ കൊണ്ട്,നമ്മൾ സ്പൂണ്‍ ഉപയോഗിക്കുന്നത് പോലെ,അവർ ഭക്ഷണം കഴിക്കുന്ന കാഴ്ച...ഞണ്ടും,കൊഞ്ചും മീനും  ഒക്കെ  അതെ  രൂപത്തില്‍  പാത്രങ്ങളില്‍ പ്രത്യക്ഷ പ്പെടുന്നു . അവരെ പ്പോലെ  ഭക്ഷണം  നന്നായി  കഴിക്കുന്നവര്‍  ലോകത്ത് വേറെ  കാണുമോ  എന്ന്  എനിക്ക്സംശയമാണ്. വെറൈറ്റി  സാധനങ്ങളുടെ കൂമ്പാരമാണ്  മേശപ്പുറത്തു  പ്രത്യക്ഷപ്പെടുക . നമ്മള്‍ക്ക്  ഇതൊന്ന് ഒന്ന്  കഴിക്കണമെന്ന്  ഉണ്ടെങ്കില്‍ തന്നെ, വില കേട്ടാല്‍  അറ്റാക്ക്‌  ഉറപ്പ്.  എന്നാല്‍  ഇവരെ  കണ്ടാലോ  ആഹാരം  കണ്ടിട്ടേ  എല്ലാ എന്ന്തോന്നും . പക്ഷെ  സ്ടാമിന.....!! ഞങ്ങൾ ഇതൊക്കെ ഒന്ന് കാണാൻ കയറി.ചെറുതായി ആഹരിച്ചിട്ടു പോന്നു.                                

                          നമ്മുടെ  നാട്ടിലെ കള്ളന്മാര്‍  ഇവിടെ എത്തിയാല്‍  അവരെല്ലാം മനസ്സിന്റെ  സമനില  തെറ്റിയവരാകും. കാരണം  അവരുടെ  തൊഴില്‍  സാദ്ധ്യതയ്ക്കുള്ള  വഴികളുടെ  എളുപ്പം  കാണുമ്പോള്‍...... . വാതിലുകളും ,ജനലുകളും , എന്തിനു ..?വീടിന്റെ  ചുമരുകള്‍  എന്ന്  പറയുന്നത് പോലും  പ്ലൈന്‍  ഗ്ലാസ്സുകളാണ്.അലാറമുണ്ടെങ്കിലും  മോഷണം ഇവിടെ വളരെ എളുപ്പമുള്ള സംഗതിയാണ്. പിന്നെ  സ്വര്‍ണ്ണം  പ്രതീക്ഷിച്ചു ആരും കക്കാന്‍  നോക്കണ്ട എന്ന്  മാത്രം. .സ്വര്‍ണ്ണം  ഉപയോഗിക്കുന്നവരേയല്ല ... വിലയില്‍  കൂടിയതും  കുറഞ്ഞതുമായ  മുത്തുകളും ,,കല്ലുകളും  മറ്റ്  എന്തൊക്കയോ ലോഹങ്ങള്‍  കൊണ്ടുള്ള .കണ്ടാല്‍  കൊതിച്ചു  പോകുന്ന  ആഭരണങ്ങള്‍.
  സിങ്ങപ്പൂര്‍  ടെര്‍മിനലിന്റെ  കൊച്ച് പതിപ്പുകള്‍  പോലെ  ചില മാളുകള്‍ (എനിക്ക്  തോന്നിയത് )മാളുകളില്‍ എല്ലാം  സുലഭം (കാണാന്‍).വാങ്ങുക  എന്നത്  അചിന്തനീയം .എല്ലാത്തിനും  ഭയങ്കര  വില.
                          ന്യൂസീലണ്ടിന്റെ  തലസ്ഥാനം 'Wellington' ആണ്.  സിറ്റികളില്‍ രണ്ടാമത്  'Christchurch' . ഒന്നാമത്  'Auckland' ഉം.  'Christchurch'  യിലെ കത്തീട്രലിനു വളരെ  ഏറെ പഴക്കമുണ്ട്.

1864 യില്‍ പള്ളിക്ക് തറക്കല്ലിട്ടു. .1904 ല്‍ പണി പൂര്‍ത്തിയായി .ഈ പള്ളിയിലാണ്  ഞങ്ങള്‍  ക്രിസ്തുമസ് കുര്‍ബാന ,രാത്രി  കുര്‍ബാന  കണ്ടത്.  അത്  പോലെ  പഴയ  പള്ളിയാണ്  Christchurch ബസലിക്ക.

ആദ്യ  കാലത്ത്  മരം കൊണ്ടുള്ള  ഒരു  ചെറിയ പള്ളി  ആയിരുന്നു. പിന്നീടു  പൊളിച്ച് 1901 യില്‍ പണിതുടങ്ങി 1905 ല്‍ പണിതീര്‍ന്നു .ഈ സെപ്റ്റംബര്‍  4 നു  (2010) ഉണ്ടായ  ഭൂമി  കുലുക്കത്തില്‍ പള്ളിയുടെ  മുന്‍വശം മുകളില്‍ നിന്ന്  താഴെ വരെ  വിള്ളല്‍  ഉണ്ടായി. നല്ല  വലിപ്പമുള്ള  മനോഹരമായ  ഒരു  പള്ളിയാണ് .















(ഞാൻ ന്യൂസ്‌സിലണ്ടിൽ ഉള്ള സമയത്താണ് ഈ ഭൂമികുലുക്കം ഉണ്ടായത്.അതിനെപ്പറ്റി മറ്റൊരു ബ്ലോഗിൽ  എഴുതിയിട്ടുണ്ട്.
 2011 ഫെബ്രുവരിയിൽ ഉണ്ടായ ഒരു വലിയ ഭൂമികുലുക്കത്തിൽ  ഈ പള്ളിയും
(chirstchurch Basilica) യും ,chistchurch Cathedra ലും,Sumner beachil വെള്ളത്തിൽ ഉയര്ന്ന് നിന്ന വലിയ കല്ലും തകർന്നടിഞ്ഞ് നാമാവശേഷമായി. ഈ ഭൂമികുലുക്കം,നാട്ടിലേയ്ക്കുള്ള യാത്രയിൽ,വിമാനത്തിൽ വെച്ചാണ് ഞാൻ അറിയുന്നത്.ഏറെ ദുഖിതയായി, Singaporeൽ ഇറങ്ങിയപ്പോൾ, മകളെ വിളിച്ചു.മകൾ അങ്കലാപ്പിലായിരുന്നെങ്കിലും ....സുരക്ഷിതയായിരുന്നു. ദൈവത്തിനു നന്ദി ...!!!!
ആ ഭൂമികുലുക്കത്തിൽ ധാരാളം പേർ മരണപ്പെട്ടു ........
      എല്ലാം ദൈവത്തിന്റെ തീരുമാനങ്ങൾ..)
ഒരു വലിയ ഭൂകമ്പം


                                  ദിവസങ്ങള്‍  ഓരോന്നായി  കടന്നു  പൊയ്ക്കൊണ്ടിരുന്നു. സെപ്റ്റംബര്‍ 3, 2010. അന്നും  പതിവ്  പോലെ പടിഞ്ഞാറ്വശത്തെ  ജനാലക്കല്‍  സൂര്യാസ്തമയത്തിന്റെ  കളര്‍ മാറ്റങ്ങള്‍  കാണാന്‍ (വാനനിരീഷണം) ഇരിക്കയായിരുന്നു. അന്നത്തെ കാഴ്ച  ശരിക്കും പേടിപ്പെടുത്തുന്നതായിരുന്നു. കറുപ്പിന്റെ വൃകൃത രൂപങ്ങളും അവയെ ഒന്നുകൂടി ഭീഭ്ല്‍സമാക്കുന്ന ചുവന്ന രക്ത പ്രളയങ്ങളും. എനിക്ക്  നോക്കാന്‍ തന്നെ  പേടിയായി . ഞാന്‍  മോളെ  വിളിച്ചു . അവള്‍ക്കും അത്  കണ്ടപ്പോള്‍  പേടി തോന്നുന്നു  എന്ന്  പറഞ്ഞു . 

                         അന്നും താമസിച്ചാണ് കിടന്നത്. സെപ്റ്റംബര്‍ 4, സമയം നാലരയായിക്കാനും, നേരം വെളുക്കാന്‍ തുടങ്ങുന്നു. ഞാന്‍  ടോയിലറ്റില്‍ പോയി വന്ന് ഒന്ന്  കൂടി കിടന്നു. ഉറക്കം പിടിച്ചിരുന്നില്ല. മകള്‍ നല്ല ഉറക്കത്തിലാണ്. അതി ശക്ത്തമായ കുലുക്കത്തോടെ കട്ടില്‍ കിടന്നു ആടുവാന്‍ തുടങ്ങി. എന്തോ ഇരച്ച് വരുന്നത് പോലെയുള്ള ശബ്ദവും. എനിക്ക്  അപ്പോഴേ മനസ്സിലായി ഭൂമികുലുക്കമാണ് എന്ന്. മേല്‍ക്കൂര പറിയുന്ന ഒച്ച. അവള്‍ ഇതൊന്നും അറിയാതെ നല്ല ഉറക്കമാണ് . ദൈവമേ...എന്ന്  വിളിച്ചു ഞാന്‍ അനങ്ങാന്‍  വയ്യാതെ  കിടന്നു പോയി. ഇപ്പോള്‍ നില്‍ക്കും എന്നോര്‍ത്ത ഞാന്‍‍, കുലുക്കം കൂടുകയാണ് എന്നറിഞ്ഞു. ദൈവമേ എന്ന്  ഉറക്കെ വിളിച്ചു. അവള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റു. എന്നിട്ടും  ഞങ്ങള്‍ കട്ടിലില്‍  നിന്ന്  എണീറ്റില്ല. കാരണം എണീറ്റാല്‍  ബാലന്സ്  കിട്ടാതെ വീഴും. ഒരു  സെക്കന്റു  നേരത്തേക്ക്  കറന്റും പോയി. മരണം ഇങ്ങനെ എന്ന് ഉറപ്പിച്ചു.ആടി ഉലയുന്ന കട്ടിലില്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചു കിടന്നു. സെക്കന്റുകളോളം കുലുക്കം നീണ്ടു നിന്നു. കുലുക്കം നിന്നമാത്രയില്‍ തന്നെ ഞങ്ങള്‍  പുറത്തേക്ക് ഓടി. അതും  മുകളിലുത്തെ നിലയില്‍ നിന്നു പുറത്തെത്തിയപ്പോള്‍  അടുത്തുള്ള യൂണിട്ടു കളിലുള്ള എല്ലാവരും റോഡില്‍  ഉണ്ട്.  പോലീസിന്റെ  സൈറന്‍  എവിടെനിന്നോക്കയോ  കേള്‍ക്കാം . പക്ഷെ ഞങ്ങള്‍  അല്ലാതെ അയലത്തെ, ( സ്വന്തമായുള്ള വീട്ടില്‍ താമസിക്കുന്നവര്‍) ഒരു  വീട്ടിലും വെളിച്ചമോ, ആളനക്കാമോ കണ്ടില്ല. അവര്‍ക്കൊക്കെ ഇത് നേരിടാനുള്ള ട്രെയിനിംഗ് നേരത്തെ കിട്ടിയിട്ടുണ്ടാകാം. പുറത്ത്  മരം കോച്ചുന്ന തണുപ്പ്.  അല്‍പസമയം  കൊണ്ട്  തന്നെ  കൈ  കാലുകള്‍  കഴച്ച്  പൊട്ടന്‍  തുടങ്ങി. വിരല്‍ന്റെ  അറ്റം  വെട്ടി  മാറ്റിയാല്‍  പോലും അറിയാത്ത  അവസ്ഥ. ഉടന്‍  തന്നെ  വീണ്ടും ഒരു  വലിയ  കുലുക്കം. എല്ലാവര്ക്കും  വീടിനുള്ളില്‍  കയറാന്‍  പേടി. കൂടെ  ഉണ്ടായിരുന്നവരുടെ  വണ്ടിക്കുള്ളില്‍  കയറിയിരുന്നു നേരം  വെളുപ്പിച്ചു. പലയിടത്തും  വൈദ്യുതി  പോയെന്നു പിന്നീടറിഞ്ഞു. വെള്ളത്തിനും വെളിച്ചത്തിനും ബുദ്ധിമുട്ടുണ്ടായി. തുടര്‍ ചലനങ്ങള്‍ കാരണം അങ്ങോട്ടോ, ഇങ്ങോട്ടോ  നീങ്ങാന്‍  പേടി. മകള്‍ ജോലിക്ക്(part time)  പോയില്ല. റോഡില്‍  വണ്ടികള്‍  വരെ ചുരുക്കം. കടകള്‍ മിക്കതും അടഞ്ഞുകിടന്നു. മുകളിലുത്തെ  നിലയാണ്  കിടപ്പ് മുറി. കുളിമുറി, ടോയിലട്ട്  ഒക്കെ മുകളിലാണ്. മരം കൊണ്ടുള്ള വീടായത്  കൊണ്ട് തട്ടും(മച്ച്) ശക്തമായി  ആടുകയും,കുലുങ്ങുകയും ചെയ്യുന്നുണ്ട് . ഭക്ഷണം കഴിച്ചാല്‍, വെള്ളം കുടിച്ചാല്‍ ഒക്കെ മുകളില്‍ (ടോയ് ലെറ്റിൽ) പോകണമല്ലോ  പേടികൊണ്ട്‌ അന്ന്  ഉപവസമാക്കി. പിന്നീടു  ഉള്ള  ദിവസങ്ങളും ഏകദേശം ഇങ്ങനെ.
                                  
                          
ആദ്യം  ഉണ്ടായ ഭൂമിലുകുകത്തിന്റെ അളവ്  7.1 ആയിരുന്നു.പിന്നീടുള്ളത് നാലോ, അഞ്ചോ അതില്‍ അതില്‍കൂടുതലോ  ആയിരുന്നു.  ആദ്യത്തെ ഒന്ന് രണ്ടു  ദിവസങ്ങളില്‍ പത്തും, ഇരുപതും  തവണയാണ്  തുടര്‍ ചനലങ്ങള്‍ ഉണ്ടായതു. ആദ്യത്തെ ആഴ്ചയില്‍ 74, രണ്ടാമത്തെ  ആഴ്ച 84, മൂന്നാമത്തെ ആഴ്ച 29, നാലാമത്തെ  ആഴ്ച 44, ഈ  രീതിയിലായിരുന്നു. സ്‌ട്രെസ്   കൊണ്ട് എന്റെ തലയും കഴുത്തും പൊട്ടാന്‍ പോലെ. എപ്പോഴും കരച്ചിലും പ്രാര്‍ഥനയും.  ഓടികൊണ്ടിരിക്കുന്ന ബസ്സില്‍  കൈവിട്ടു  നില്‍ക്കുന്ന  അവസ്ഥ. അങ്ങനെയാണ് ഭൂമി കുലുങ്ങുബോള്‍ അനുഭവപ്പെടുന്നത് . സ്വന്തം ശ്വാസോച്ച്വാസത്തിന്റെ ചലനം പോലും ഉല്‍ക്കിടിലമുണ്ടാക്കി. ഓരോ ഭൂ ചലനങ്ങളും, അതിന്റെ അളവുകളും  അപ്പപോള്‍ ഇന്റര്‍നെറ്റില്‍ അറിയും. ഇവിടെ ഭുമി കുലുക്കത്തെ അതിജീവിക്കുന്ന തരത്തിലുള്ള വീടുകളാണ്  ഉണ്ടാക്കുന്നത്. അത് കൊണ്ട്  ആ തരത്തിലുള്ള അപകടങ്ങള്‍ സാധാരണ  കുറവാണ് . എങ്കിലും പഴയ കെട്ടിടങ്ങള്‍ക്ക്  കേടുപാടുകള്‍ ഉണ്ടായി. ഭുമി കുലുങ്ങുബോള്‍ വീടിന്റെ ജോയിന്റ്സ്  വിടുന്ന  ശബ്ദം വലിയ മരങ്ങളുടെ വേരുകള്‍ പറിയുമ്പോൾ കേള്‍ക്കുന്നത്  പോലെയാണ് . നമ്മള്‍ ഞെട്ടിപ്പോകും. ഈചലനം ഉണ്ടാകുബോള്‍  മനം മറിയും, ശര്‍ദ്ദിക്കാന്‍ വരും.


                                     ജനങ്ങളുടെ  ടെന്‍ഷന്‍  കുറക്കാന്‍  പൊതു സ്ഥലത്ത്  പരിപാടികള്‍, ആള്‍ക്കൂട്ടം, ജനക്കൂട്ടത്തില്‍  ഒരാളായി  പ്രധാന മന്ത്രിയും. പോലീസും, പട്ടാളവും ഒന്നുമില്ലാതെ.


                    റോഡുകള്‍ ,പള്ളികള്‍ ,പഴയ  കെട്ടിടങ്ങള്‍  എല്ലാം  പോലീസിന്റെ  നിരീഷണത്തില്‍  ആയി . സെമിത്തേരികളില്‍  കല്ലറകള്‍   ഇളകിക്കിടന്നു . കല്ലറയോട്  ചേര്‍ന്ന്  നിന്നിരുന്ന  പേരെഴുതിയതും,അല്ലാത്തതുമായ  കല്ലിന്റെയും ,കോന്ക്രീട്ടു,  മാര്‍ബിള്‍  തുടങ്ങിയ  ഫലകങ്ങള്‍  അടര്‍ന്നും,ഒടിഞ്ഞും  മറിഞ്ഞ്  വീണുകിടന്നിരുന്നു . എന്നേക്കാള്‍  ഉയരമുള്ള ഫലകങ്ങളും  അക്കൂട്ടത്തില്‍  ഉണ്ടായിരുന്നു .
               തുടര്‍ ചലനങ്ങള്‍  അങ്ങനെ  തുടര്‍ന്ന്  കൊണ്ടിരുന്നെങ്കിലും എല്ലാവരും  ആ  പഴയ  അവസ്ഥയിലേക്ക്  എത്തികൊണ്ടിരുന്നു.

2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച

അദ്ധ്യായം നാല്

 ആളാ...പൂളാ...

                            സ്കൂളിൻറെ ഏകദേശം അടുത്തായിട്ടാണ്  ആളാ...പൂളാ... അമ്മൂമ്മയുടെ വീട്. ഞാന്‍ സ്കൂളില്‍ ചേര്‍ന്ന ദിവസം മുതല്‍  കേള്‍ക്കുന്നതാണ്  ഈ  പേരും,  പേരിനു  അപ്പുറമുള്ള  ഭീതി ജനകമായ  വാര്‍ത്തകളും. നടന്നു  ചെല്ലുമ്പോഴേ  കാണാം, റോഡിനു  അൽപ്പം   താഴെയായി  കുത്തനെ ചെരിഞ്ഞ  സ്ഥലത്തുള്ള,  അമ്മൂമ്മയുടെ  ഓലമേഞ്ഞ വീടിൻറെ മേല്‍ക്കൂര. വീട്  ശരിക്കും  കാണാന്‍ റ്റില്ല. മേല്‍ക്കൂരയും, ഒരുവശവും, ആ വശത്തെ മുറ്റവുമേ കാണാന്‍ പറ്റുകയുള്ളു. ചെരിഞ്ഞ സ്ഥലത്ത്   മണ്ണെടുത്ത്   ഉണ്ടാക്കിയ വീടായതുകൊണ്ട്‌  വീടിൻറെ  പുറകുവശം   ഈട് (കൈയ്യാല) ആണ്. ആ  വശം  ഒട്ടും  കാണാന്‍ പറ്റില്ല. വീടിനു  ചുറ്റും  മരങ്ങള്‍  ഒന്നും തന്നെയില്ല ഇല്ല.  അതുകൊണ്ട്  നല്ല  തെളിഞ്ഞ  സ്ഥലത്ത്  ആണ്  വീട്.

                      അമ്മൂമ്മയുടെ  വീടിനടുത്ത്  ഒരു കാവു ണ്ട്. ചെമ്പരത്തി   ചെടികളുടെ കാട്. നിറയെ ചുവന്ന ചെമ്പരത്തിപ്പൂക്കള്‍.ഇടതൂര്‍ന്നു  ചെടികളുടെ മറവു കൊണ്ട് കാവിൻറെ ഉള്ള്‍ കാണാന്‍ പറ്റുകയില്ല.  കാവിനു ചുറ്റും പനകളും പുളിമരങ്ങളും. "കാവില്‍ സര്‍പ്പമുണ്ട്, സര്‍പ്പത്തിനു  അമ്മൂമ്മ  പാല്‍  കൊടുക്കുമെന്നും, ഈ അമ്മൂമ്മ ഒരു  യക്ഷിയാണെന്നും,  ആളാ ...പൂളാ...എന്ന് പറഞ്ഞാല്‍ കൈയില്‍ കോടാലിയുമായി  പറന്നുവരുമെന്നുമാണ്‌ " കുട്ടികൾ പറഞ്ഞുപരത്തിയത്. റോഡില്‍, ആണ്‍കുട്ടികള്‍  മുന്‍പേ പോകുന്നുണ്ടെങ്കില്‍ പിന്നെ രക്ഷയില്ല. അവര്‍ അമ്മൂമ്മയുടെ   വീടിൻറെ  ഭാഗം  കഴിയുമ്പോള്‍  ആളാ...പൂളാ...എന്ന് ഉറക്കെ  വിളിച്ചുപറഞ്ഞുകൊണ്ട് ഓടും. പുറകെ ചെല്ലുന്ന ഞങ്ങള്‍ എന്ത്  ചെയ്യണമെന്നറിയാതെ  കണ്ണുമിഴിക്കും. ഇപ്പോൾ യക്ഷി അമ്മൂമ്മ വരും, കോടാലിക്കു വെട്ടും, എന്നുപേടിച്ച്  ജീവന്‍ കൈയ്യിൽ പിടിച്ചു  ഞങ്ങളും  പറപറക്കും. എത്രയോ  തവണ  ആ വീടിൻറെ അടുത്തെത്തുമ്പോള്‍ അമ്മൂമ്മ വഴിയില്‍ പതുങ്ങി നില്‍പ്പുണ്ടോ എന്നോര്‍ത്ത്, പോകാൻ കഴിയാതെ മടിച്ചു നിന്നിട്ടുണ്ട്. നിന്ന് നിന്ന് മടുക്കുമ്പോള്‍ ആരെങ്കിലും ആ വഴി വരും. പിന്നെ  അവരുടെ കൂടെയാണ് പോവുക. അപ്പോഴേക്കും ക്ളാസ്സും തുടങ്ങിയിട്ടുണ്ടാവും, സാറിൻറെ  കൈയില്‍  നിന്ന്  അടിയും   കിട്ടും.  അമ്മൂമ്മയ്ക്കോ ആളാ...പൂളാ... എന്നു കേട്ടാല്‍ ഭയങ്കര ദേഷ്യവുമാണ്. ചീത്തയും  വിളിച്ചു  താഴെ നിന്ന് റോഡിലേയ്ക്ക് കയറിവരും. ഇതു  കുട്ടികളല്ല, വലിയവര്‍ പറഞ്ഞുള്ള  അറിവാണ്. ഉച്ച മുതല്‍ നാലുമണി  വരെയാണ് പഠനം. നാലാം ക്ളാസ്സ് വരെ അങ്ങനെയായിരുന്നു. ബാക്കി കുട്ടികള്‍ക്ക്  രാവിലെ  മുതല്‍  ഉച്ചവരെയും. 
                                 
                               ഇരുണ്ടുകിടക്കുന്ന ഒരു കുട്ടിവനം കടന്നു  വേണം സ്കൂളിലേക്ക്  പോകുവാൻ. വിസ്തൃതമായ മലഞ്ചെരുവിൽ    നില്ക്കുന്ന  വന്‍ മരങ്ങളും കാലാകാലങ്ങളായി വെട്ടാതെ നില്‍ക്കുന്ന   പൊന്തക്കാടുകളും, പാദം മൂടുന്ന കരിയിലകളും  അതിലെ അന്തേവാസികളായ ഒരു കൂട്ടം വലിയ പന്നികളും ചേർന്നതാണീ കുട്ടിവനം. അവ വഴിയരികില്‍ പൊന്തക്കാട്ടില്‍ പതുങ്ങി നിന്ന് ഞെട്ടിപ്പിക്കുന്ന വികൃത ശബ്ദമുണ്ടാക്കും. എൻറെ തീരെ ചെറു പ്രായത്തില്‍ കുട്ടിവനത്തില്‍ ഒരു  തൂങ്ങിമരണവും അതിൻറെ  പോസ്ടുമോട്ടർവും നടന്നിട്ടുണ്ട്. പന്നികളുടെയും തൂങ്ങി മരണത്തിൻറെയും പോസ്ടുമോട്ടർത്തിൻറെയും നടുക്കുന്ന  ഓര്‍മ്മകളെ അതിജീവിച്ച് ചങ്കിടിപ്പും, കണ്ണീരുമായിട്ടാണ് റോഡില്‍  എത്തുന്നത്. വനത്തിലൂടെ രണ്ടു കിലോമീറ്റര്‍ കുത്തനെയുള്ള  കയറ്റം ഓടിത്തീര്‍ക്കുബോള്‍ കരയാന്‍ ശബ്ദമോ  ഒഴുക്കാന്‍ കണ്ണീരോ കാണില്ല. പേടിച്ചു  വിറയ്ക്കുന്ന  ചുണ്ടുകളില്‍ "സ്വര്‍ഗ്ഗസ്ഥനായ  ഞങ്ങളുടെ പിതാവേ" എന്ന  പ്രാര്‍ഥനയുടെ  എണ്ണം  തെറ്റിയ  ആവര്‍ത്തനങ്ങളായിരിക്കും ബാക്കി. പിന്നെയും  കിലോമീറ്ററുകള്‍ താണ്ടിയാലാണ് സ്കൂളില്‍  എത്തുക.

                   അന്നും  തനിച്ചായിരുന്നു. അമ്മൂമ്മയുടെ  വീടിനടുത്തെത്താറായി. വളവ്  തിരിഞ്ഞപ്പോള്‍ കുറെ കുട്ടികള്‍ റോഡില്‍ കൂടിനിൽക്കുന്നുതു കണ്ടു. ആശ്വാസമായി. ഞാനും  ഓടിചെന്നു. ആവർ  അമ്മൂമ്മയുടെ വീട്ടിലേയ്ക്കാണ് നോക്കി നില്‍ക്കുന്നത്.  അമ്മൂമ്മയുടെ  മകന്‍  മരിച്ചു... രോഗിയായി  എഴുന്നേറ്റു നടക്കാന്‍ വയ്യാതെ  കിടപ്പിലായിരുന്നു. ആ മകന്‍ മാത്രമേ  അമ്മൂമ്മക്കു  ഉണ്ടായിരുന്നുള്ളു. പത്തിരുപത്തിയഞ്ച് വയസ്സുള്ള ചെറുപ്പക്കാരന്‍. ഞങ്ങള്‍ നോക്കി  നില്‍ക്കുമ്പോൾ കുളിപ്പിച്ച  മകനെ ആള്‍ക്കാര്‍ വീടിന്റെ  മുന്‍വശത്തേക്ക്  എടുത്തുകൊണ്ടു  പോകുന്നതുകണ്ടു. വീടിൻറെ മുന്‍വശം  കാണാന്‍ പറ്റില്ലാത്തതിനാൽ പിന്നെ ഒന്നും  കണ്ടില്ല. മുറ്റത്ത്‌ ആള്‍ക്കാര്‍  അവിടെയും  ഇവിടെയുമായി  നിക്കുന്നുണ്ട് . കുറച്ചു  നേരം  കൂടി  നിന്നിട്ട്  ഞങ്ങള്‍  നടന്നു  തുടങ്ങി. കുട്ടികള്‍ ആളാ...പൂളാ... വിളിച്ചില്ല.  കുറച്ചു  അപ്പുറത്തേക്ക് നീങ്ങിയപ്പോള്‍ കണ്ടു, റോഡിന്‍റെ അടുത്തായിട്ടു താഴെ, മരിച്ച  ചെറുപ്പക്കാരന് വേണ്ടി  കുഴികുഴിക്കുന്നു. കുറച്ചു  നേരം  അവിടെയും  നോക്കി  നിന്നു. അന്ന്  തിരികെ വീട്ടിലെത്തിയത് ആകെ അസ്വസ്ഥമായ മനസ്സുമായാണ്. അടുത്ത കുറെ  ദിവസത്തേക്ക് എനിക്ക് ഉറക്കമേ ഇല്ലാതായി. എപ്പോഴും, കുളിപ്പിച്ച്  ആള്‍ക്കാര്‍ എടുത്തുകൊണ്ടുപോകുന്ന ആ  രംഗം ആയിരുന്നു  മനസ്സില്‍. ഞാന്‍ കരച്ചിലും  ബഹളവുമായി. അമ്മച്ചിയുടെ പുറകില്‍ നിന്നു മാറിയേയില്ല. അമ്മച്ചിയുടെ  ഉടുമുണ്ടില്‍  തൂങ്ങി "അമ്മേ...എനിക്ക്....ആ ഓര്‍മ്മയാമ്മേ.." എന്നുപറഞ്ഞു കരച്ചില്‍ത്തന്നെ. അപ്പോള്‍ അമ്മച്ചി എന്നോട് "ദൈവമേ  അത് മറന്നു പോണേ...ദൈവമേ  അത് മറന്നു പോണേ..." എന്ന് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ ആ പഴയ  അവസ്ഥയിലേക്ക്  തിരികെ എത്തിയത്! ഞാന്‍ കണ്ടിട്ട്  പോലുമില്ലാത്ത ആ ചേട്ടനെ ഓര്‍ത്ത് എന്തിനാണ് കരഞ്ഞത്...?പേടിച്ചിട്ടാണോ...? എനിക്കറിയില്ല...അതോ എനിക്കും, ആ പ്രായത്തില്‍ ഉള്ള ഒരു ചേട്ടന്‍  ഉള്ളതുകൊണ്ടാണോ?...അതും അറിയില്ല.

                                      അതിനിടെ  കുട്ടികളുടെ  ഇടയില്‍   മറ്റൊരു  വാര്‍ത്ത പരന്നു. അമ്മൂമ്മയുടെ വീടിൻറെ പുറകിലെ കയ്യാലയിലും  മകൻറെ മുറിയിലും  ഓരോ   വലിയ  പൊത്തുകള്‍(ഗുഹ) ഉണ്ടായിരുന്നെന്നും മകന്‍   മരിച്ചു  കയ്യാല  പൊത്തില്‍  കിടക്കുന്നതാണ് നേരം  വെളുത്തപ്പോള്‍  അമ്മൂമ്മ  കണ്ടതെന്നും, ആരോ  രാത്രിയില്‍  മകനെ  വലിച്ചു കൊണ്ടുപോയി  ഇട്ടിരുന്നു  എന്നുമാണ് കുട്ടികള്‍ പറയുന്നത്. ഇതു പിന്നെയും എൻറെ മനസ്സില്‍  പേടിയുടെ  വിത്ത്‌  വിതച്ചു. അത് മുളച്ചു  വളര്‍ന്നുകൊണ്ടിരുന്നു.

                                   പിന്നീടു ഞാന്‍  തനിയെ   സ്കൂളില്‍  പോകുന്ന  ദിവസങ്ങളില്‍ അമ്മൂമ്മയുടെ മകനെ അടക്കിയിരുന്ന സ്ഥലത്ത് എത്തുമ്പോള്‍   മരങ്ങളില്‍  ഇരുന്നു ഏതോ  പ്രാണി ച്ഛക്..ച്ഛക്... ച്ഛക്..ച്ഛക്... എന്ന് ശബ്ദിക്കുമ്പോള്‍ എന്നെ  വിളിക്കുന്നത്‌ പോലെ തോന്നും. അപ്പോള്‍  ഞാന്‍  ഉള്ള ജീവനും  കൊണ്ട് ഓടും. പക്ഷെ ആ  പ്രാണിയും എൻറെ ഒപ്പം ഓരോ മരങ്ങളില്‍കൂടി പറന്ന്...പറന്ന്...എന്റെ ഒപ്പം ..... പേടികൊണ്ടാകാം, എനിക്ക്  അങ്ങനെയൊക്കെയാണ് തോന്നിയത്.

                                  അമ്മൂമ്മയുടെ  വീടൊഴികെ  മറ്റു  വീടുകള്‍  ഒന്നും  അവിടെ  ഇല്ല. എപ്പോഴും  വിജനമാണ്.  മിക്കവാറും   തനിച്ചാണ്  എൻറെ സ്കൂളില്‍  പോക്ക്. മുതിര്‍ന്ന ക്ലാസ്സില്‍ എത്തിയതില്‍ പിന്നെ എന്നോ ഒരിക്കല്‍   ഞാന്‍   അമ്മൂമ്മയെ  കണ്ടു. അതേ  റോഡില്‍, അതേ  ഭാഗത്ത്‌. ഒരു  മുഷിഞ്ഞ  മുണ്ട്   മാത്രമായിരുന്നു  വേഷം. റൌക്ക   ഇട്ടിരുന്നില്ല. മെലിഞ്ഞുണങ്ങിയ ശരീരം.  കണ്ടാല്‍ വളരെ കഷ്ട്ടം തോന്നും. പാവം...ഏറെ   സമയം  നിവര്‍ന്നു നടക്കാന്‍   പറ്റില്ലാത്തത് കൊണ്ട്   കുറച്ചു നേരം കൂനിക്കൂനി നടക്കും, പിന്നെ നിവര്‍ന്നു  നടക്കും. നിവര്‍ന്നു എന്ന് പറഞ്ഞാല്‍ ശരിക്കും ഞെളിഞ്ഞു  പുറകോട്ടു  വളഞ്ഞ്, വീണ്ടും  കൂനിക്കൂനി, ഇങ്ങനെ ആണ് നടപ്പ്. ഈ  നടപ്പ്   കണ്ടാല്‍  നമുക്ക്  വല്ലാത്ത ഒരു അസ്വസ്ഥത തോന്നും. കുട്ടികള്‍ക്ക്  കണ്ടാല്‍  പേടി   തോന്നുകയും   ചെയ്യും.  കോടാലിയും പിടിച്ചു ഈ രീതിയില്‍   നടക്കുന്ന  അമ്മൂമ്മയെ  കണ്ട്‌ ഏതെങ്കിലും കുട്ടികള്‍ പേടിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ കുട്ടിയെ അനുസരിപ്പിക്കാന്‍ ശ്രമിച്ച മുതിര്‍ന്ന ഒരാളുടെ ഭാവനയകാം, അതില്‍  നിന്നു  ഒരു യക്ഷിക്കഥ  രൂപം  കൊണ്ടു.