എന്റെ ആദ്യ വിമാനയാത്ര
സമയം രാത്രി എട്ടു മണി. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും മഴയായിരുന്നു. കറന്റ് ഇല്ല (അത് പിന്നെ പ്രത്യേകിച്ചു പറയേണ്ടല്ലോ) വണ്ടിയുടെ വെളിച്ചത്തില്‍, വണ്ടിയില്‍ കയറി. വഴിയില്‍ ഉടനീളം മഴ തന്നെ മഴ. യാത്രക്കിടയില്‍ സഹയാത്രികയെയും കണ്ടുമുട്ടി. ഫോണില്‍ പരിചയപ്പെട്ടിരുന്നു. നേരിട്ട് ആദ്യമായി കാണുകയാണ്. കാഴ്ച്ചയില്‍ എന്നേക്കാള്‍ ചെറുതെങ്കിലും പ്രവര്‍ത്തിയിലും, എന്നെ സഹായിക്കുന്നതിലും മുതിര്‍ന്ന ആളായിരുന്നു. ഒരു ന്യൂസീലാന്റ് സിട്ടിസെനും, നാട്ടില്‍ കോളേജ് അദ്ധ്യാപികയുമായ ആള്‍ക്ക് അതിന്റെതായ യാതൊരു ജാഡയുമില്ലായിരുന്നു. ഇംഗ്ലീഷ് നല്ല പിടിപാടില്ലാത്ത എന്നോട്, ഒരു സ്കൂള്‍ കുട്ടിയോട് എന്നപോലെ കാര്യങ്ങള്‍ പറഞ്ഞുതന്നു. എനിക്ക് അത് അനുസരിക്കുകയെ വേണ്ടിയിരുന്നുള്ളൂ. ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത്. നനഞ്ഞു വന്ന ഞാന്‍ നനഞ്ഞ മനസ്സുമായി അകത്തു കയറി. സീറ്റ് കണ്ടുപിടിച്ചു ഇരുന്നു. മരുങ്ങ് തിരിയാന്‍ ഇടമില്ലാതെയുള്ള ഇരുപ്പ്. എനിക്ക് ശ്വാസം മുട്ടി.ഏറ്റവും പുറകിലായിരുന്നു ഇരിപ്പിടം. കുത്തനെ ഉള്ള സീറ്റ്. ചാരാനോ, ചായാനോ ഒരു രക്ഷയുമില്ല. മസില് പിടിച്ചു ഒറ്റയിരുപ്പ്. സഹയാത്രിക പറഞ്ഞു : "ചെറിയ വിമാനം, പിന്നെ ഏറ്റവും പുറകിലും അതാ പ്രശ്നം". വിമാനത്തിലല്ലേ അടിപൊളി ഭക്ഷണം ആയിരിക്കും എന്നോര്‍ത്തു. എവടെന്ന്? സഹയാത്രിക ബിയര്‍ ഒക്കെ അടിച്ചു ഉറക്കമായി. നാല് മണിക്കൂര്‍ വേണം സിംഗപൂര്‍ എത്താന്‍. ഞാന്‍ ഉറക്കമില്ലാതെ മിഴിച്ച കണ്ണുകളുമായി ട്ടിരുന്നു .
സിംഗപ്പൂര്‍ ടെര്‍മിനല്‍ കണ്ട ഞാന്‍ അന്തം വിട്ടു നിന്നു. നേരം വെളുത്തോ എന്ന് അറിയാന്‍ പറ്റുന്നില്ല. രാത്രിയോ, പകലോ എന്നറിയാതെ ഞാന്‍ കുഴങ്ങി. ടെര്‍മിനലിലെ കാഴ്ചകള്‍ കണ്ടു എന്റെ കണ്ണ് മഞ്ഞളിച്ചു.എന്റെ മാതൃ രാജ്യം...അവിടെ ഇങ്ങനെ ഒരു ടെര്‍മിനല്‍? (ചിലപ്പോള്‍ വരുമായിരിക്കും!) ഏതായാലും കരുണാകര്‍ജി കാരണം ഒരു എയര്‍പോര്‍ട്ട് എങ്കിലും വന്നല്ലോ. ഇനി ഇവിടെനിന്ന് പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞേ ന്യൂസീലണ്ടിനുള്ള വിമാനമുള്ളൂ. ടെര്‍മിനലില്‍ കൂടി നടന്നും, ഇരുന്നും, കിടന്നും സമയത്തെ തള്ളി നീക്കാന്‍ നോക്കി. കാഴ്ചകള്‍ ഏറെയുണ്ടെങ്കിലും ക്ഷീണമായി തുടങ്ങി. കാലില്‍ ഷൂ ഇട്ട് ശീലമില്ലാത്തതുകൊണ്ട് അതും ബുദ്ധിമുട്ടായി. തണുപ്പ് രാജ്യമായതുകൊണ്ട് (വിമാനത്തിലും തണുപ്പായിരിക്കും എന്ന് കരുതി) ഷൂവും സോക്സും ഒക്കെ ഇട്ടോളന്‍ പറഞ്ഞിരുന്നു മകള്‍.
രാത്രിയായി, വിമാനം പതിനൊന്നരയ്ക്ക് ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ചെക്ക്-ഇന്‍ ഒക്കെ കഴിഞ്ഞു. ഇനി അകത്തേക്ക് കയറ്റി വിടുന്ന ഭാഗമാണ്. എന്തോ നമ്പറിന്റെ കാര്യം പറഞ്ഞു. എനിക്ക് മനസ്സിലായില്ല. സഹയാത്രിക എന്നോട് "ചെല്ല്...ചെല്ല്..എന്ന് പറഞ്ഞു. ഞാന്‍ നിസ്സഹായതയോടെ അവളെ നോക്കി. അപ്പോള്‍ എന്റെ നേരെ വീണ്ടും "ചെല്ല് " എന്ന് കണ്ണ് കാണിച്ചു. നിവൃത്തി ഇല്ലാതെ ഞാന്‍ മുന്നോട്ടു നീങ്ങി. ടിക്കറ്റോ , പാസ്പോര്‍ട്ടോ ഒക്കെ നോക്കി എന്നെ ഉള്ളിലേക്ക് വിട്ടു. എന്റെ ചങ്ക് വല്ലാതെ ഇടിച്ചുതുടങ്ങി.എന്നോട് ഇംഗ്ലീഷില്‍ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഒന്നും പറയാന്‍ അറിയില്ല. സഹയാത്രിക ആണ് ഇവിടം വരെ കാര്യങ്ങള്‍ നടത്തി കൊണ്ടുവന്നത്. വിമാനത്തിന്റെ അകത്തു കയറിയ ഞാന്‍ അത്ഭുതത്തോടെ നോക്കി . എത്ര വലുതാണ്! മൂന്നായി വേര്‍തിരിച്ച അതിന്റെ ഉള്ളില്‍ വിന്‍ഡോ സീറ്റ് ആണ് എനിക്ക് കിട്ടിയത്. എനിക്ക് അപ്പോള്‍ അത് അത്ര വലിയ സംഗതി ആയി തോന്നിയില്ല. സഹയാത്രികക്ക് വേറെ എവിടെയോ ആണ് സീറ്റ് കിട്ടിയത്. തമ്മില്‍ കാണാനേ പറ്റില്ല.എന്റെ അടുത്തിരിക്കുന്നവര്‍ എല്ലാം വെള്ളക്കാര്‍. ഞാൻ ആകെ അങ്കലാപ്പിലായി . ആരോട് എന്താ മിണ്ടുക? ഞാന്‍ ആകെ വലഞ്ഞു. ദൈവമേ...ത്രിശ്ശങ്കു...സ്വര്‍ഗ്ഗത്തിലയല്ലോ...ഞാന്‍ ഇരിക്കുന്ന സീറ്റിനു അടുത്ത സീറ്റില്‍ ആളെത്തിയിട്ടില്ല ആരാണാവോ വരിക എന്നോര്‍ത്ത് ഇരുന്ന എന്നോട് ദൈവം കരുണ കാണിച്ചു. ആ സീറ്റില്‍ യാത്ര ചെയ്യാന്‍ ആരും ഇല്ലായിരുന്നു. ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. അടുത്തിരുന്ന മദാമ്മ എന്നോട് എന്തോ ചോദിച്ചു. ഞാന്‍ അല്പം ചമ്മലോടെ "ഐ ഡോണ്ട് നോ ഇംഗ്ലീഷ്" എന്ന് പറഞ്ഞ് രക്ഷപെട്ടു. മദാമ്മയും.
പിന്നെ സൂപ്പെർ യാത്രയായിരുന്നു. ഇരിക്കാന്‍ ഇഷ്ടം പോലെ സ്ഥലം. നല്ല ഭക്ഷണം, എപ്പോഴും ജ്യൂസ്, ടോയിലറ്റില്‍ പോകാന്‍ എളുപ്പം, സ്വന്തമായി ടി.വി, ആഹാ...സംഗതി കലക്കി. പക്ഷെ മദാമ്മയെ നോക്കാന്തന്നെ പേടി. എന്തെങ്കിലും ചോദിച്ചാലോ. രാത്രിയായതുകൊണ്ട് പുറത്തേക്ക് നോക്കിയിട്ടും കാര്യമില്ല. എന്നാലും നോക്കി. വിമാനത്തിന്റെ ചിറകും, ചിറകിലെ മിന്നി മിന്നി തെളിയുന്ന ബള്‍ബും ചിറകിന്റെ നിഴലും കാണാമായിരുന്നു. തുടക്കത്തില്‍ ഭൂമിയില്‍ പലയിടങ്ങളിലുമായ് തെളിഞ്ഞു കാണുന്ന വൈദ്യുതി വിളക്കുകളുടെ മിന്നാമിന്നി തെളിച്ചങ്ങളും പലപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇടക്ക് എപ്പോഴോ ഒന്ന് മയങ്ങി. ഇടക്ക് ഒരു കാര്യം പറയാന്‍ വിട്ടു. മെനു കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ എന്താ വേണ്ടത് എന്ന് പറയാന്‍ പറ്റുന്നില്ല. ഞാന്‍ മെനുവിലെ ഏതാണ്ടൊക്കെ ചൂണ്ടി കാണിച്ചു. അതിനൊക്കെ നോ...നോ...എന്ന് മറുപടിയും. എയര്‍ ഹോസ്റ്റെസ്സിനു ചിരി വന്നു. എനിക്ക് കരയാനും. അവസാനം ഞാന്‍ അറ്റകൈ പ്രയോഗം തന്നെ നടത്തി. മദാമ്മയുടെ പാത്രത്തിലേക്ക് വിരല്‍ ചൂണ്ടി. കാര്യം പിടികിട്ടിയ എയര്‍ ഹോസ്റ്റെസ്സിനും, മദാമ്മക്കും സന്തോഷമായി.അതിലേറെ എനിക്കും.....
നേരം വെളുത്തുതുടങ്ങി. എയര്‍ ഹോസ്റ്റെസ് ട്രെയില്‍ പുഴുങ്ങിയ തുണിയുമായി വന്നു. എല്ലാവരും മുഖം തുടച്ചു, ഞാനും തുടച്ചു. എല്ലാവരും കൈ തുടച്ചു, ഞാനും തുടച്ചു. പൂരിപ്പിക്കാനുള്ള കാര്‍ഡ് കിട്ടിയപ്പോള്‍ ഞാനാകെ വിയര്‍ത്തു. തമ്പുരാനേ....! പൊല്ലാപ്പായല്ലോ...സഹയാത്രികയ്ക്ക് ഒന്ന് വരാന്‍ തോന്നിയിരുന്നെങ്കില്‍ ...എന്റെ കാര്‍ഡ് പൂരിപ്പിക്കാന്‍ ഞാനും മദാമ്മയും കൂടി ഒരു വിഫല ശ്രമം നടത്തി നോക്കി. പണി ഏറ്റില്ല. പാളിപ്പോയി. ഞാന്‍ മദാമ്മയോടു പറഞ്ഞു: "മൈ ഫ്രണ്ട് ദെയര്‍ ,ഷീ വില്‍ കം ആന്‍ഡ് ഹെല്പ് മി. മദാമ്മക്ക് പിടി കിട്ടി എന്ന് തോന്നുന്നു. പിന്നെ ഒന്നും പറഞ്ഞില്ല.എങ്ങനെ അത്രയും ഞാൻ പറഞ്ഞൊപ്പിച്ചു എന്ന് അത്ഭുതപ്പെട്ടുപോയി . ഏതായാലും സഹയാത്രിക ഇടയ്ക്ക് വന്നു അത് പൂരിപ്പിച്ചു തന്നു.
ദൈവമേ!!! പിന്നെ അത്ഭുതങ്ങളുടെ ഒരു ഘോഷയാത്രതന്നെ ആയിരുന്നു. അപ്പോള്‍ വിമാനം കടലിനു മീതെ! മഞ്ഞ്പടലങ്ങള്‍ കടലിനു മീതെ പടര്‍ന്നുകൊണ്ടിരിക്കുന്നു.ഉദിച്ചു ഉയരുന്ന സൂര്യ കിരണങ്ങൾ ഈ മൂടൽ മഞ്ഞിലേക്ക് പടർന്നപ്പോൾ ...അത് വർണ്ണനാതീതമായിരുന്നു. വിമാനം അപ്പോള്‍ മഞ്ഞ് പാളികള്‍ക്കിടയിലൂടെ...അവയുടെ ചിറകുകളിലെ അടുക്കുകള്‍ ചിറകില്‍ നിന്നും ഉയര്‍ന്നു നിന്നു. ആ വിടവില്‍ക്കൂടിയും മഞ്ഞിന്റെ പടലങ്ങള്‍ ചീറിയടിച്ചു കടന്നു പോയി.അപ്പോള്‍ പട...പട..എന്ന ശബ്ദവും. മഞ്ഞിനും ഉത്സവമുന്ടെന്നു ഞാനറിഞ്ഞു. ഒരു ക്യാമറ കൈയ്യിൽ ഇല്ലാതെ പോയത്; എനിക്ക് ശരിക്കും സങ്കടം വന്നു. ദൈവത്തിന്റെ ഈ കരവിരുത് കാണിക്കാന്‍ സൌകര്യപ്രദമായ ഒരു ഇരിപ്പിടംതന്നു എന്നെ അനുഗ്രഹിച്ചതിന്.ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു
അടുത്ത് പള്ളി ഉള്ളതുകൊണ്ട് ഞായറാഴ്ച പള്ളിയില്‍ ഒന്ന് പോകും. അത്ര മാത്രം. ഞങ്ങള്‍ താമസിക്കുന്ന ഈ വീട് ഒരു യൂന്നിട്ടാണ്. ആറ് കുടുംബക്കാര് താമസിക്കുന്നു . എല്ലാവരും വെള്ളക്കാര്‍. പക്ഷെ ആരും ആരെയും കാണുന്നില്ല, പരിചയപ്പെടുന്നില്ല, സഹവാസമില്ല. ഓരോര്‍ത്തര്‍ക്കും അവനവന്റെ കാര്യം. വീടിന്റെ മുന്‍വശം റോഡ് . മുന്പില് തന്നെ റൗണ്ട് എബൌട്ട് ആയതുകൊണ്ട്. ഇടതടവില്ലാതെ ഒഴുകുന്ന വണ്ടികള്‍ കറങ്ങി തിരിഞ്ഞു പോകുന്നത് കാണാന്‍ നല്ല രസമാണ്. ഈ സമയങ്ങളില്‍ ഒന്നും പുറത്തേക്കുള്ള ഇറക്കമേ ഇല്ലായിരുന്നു .
വീടിന്റെ മേല്‍ക്കൂര ഇപ്പോ പൊക്കികൊണ്ട് പോകും എന്ന് ഓര്‍ത്ത് പരിഭ്രമിച്ചു നമ്മള് നിന്നു പോകും. അത്രക്കും ശക്തമായാണ് ഓരോ കാറ്റും വീശിയടിക്കുന്നത്. പലപ്പോഴും ചീറിയടിക്കുന്ന കാറ്റിന്റെ നിലവിളികള്‍ .കഴുത്തില്‍ കുരുക്ക് മുറുകിയ മൃഗങ്ങളുടെ നിലവിളികള്‍ക്ക് തുല്യമാണ്. .ശരിക്കും ഭയം ജനിപ്പിക്കും. ഓരോ വീടുകളെയും വേര്‍തിരിക്കുന്ന പലക കൊണ്ടുള്ള മറകള്‍ (മതിലുകള്‍ പോലെ). വീടുകളുടെ ഇടയില്‍ , എപ്പോഴും കാറ്റില്‍ ആടി ഉലയുന്ന ചെറുതും വലുതുമായ മരങ്ങള്‍.
aashamsakal......
മറുപടിഇല്ലാതാക്കൂ