ശൈശവങ്ങള്‍ ഉറങ്ങുന്ന പുരത്തറകള്‍
വേനല്‍ക്കാലമായതുകൊണ്ട് തോട് വറ്റി വരണ്ടിരുന്നു. കുഴികളും പാറകളും കരിലകള്‍ കൊണ്ട് മൂടി കിടന്നു. എന്നാലും ഓലിയിലെ വെള്ളം ഒരിക്കലും വറ്റിയിരുന്നില്ല. അത് പോലെ വളരെ ചുരുക്കമായി ചില കുഴികളിലും. ഞങ്ങള്‍ സ്ഥിരമായും അയല്‍വീട്ടുകാര്‍ അവരുടെ കിണറുകളിലെ വെള്ളം വറ്റുമ്പോഴും ഈ ഓലിയില്‍ (ഉറവ വെള്ളം ഉള്ള കുഴി) നിന്നാണ് വെള്ളം എടുക്കുന്നത്. ഓലി നിറഞ്ഞു കവിഞ്ഞും വെള്ളം പുറത്തേക്കൊഴുകി കൊണ്ടിരിക്കും. കുടിവെള്ളമായതുകൊണ്ട് ഇടയ്ക്കിടെ തേവി വൃത്തിയാക്കിയിടും. ഓലിയോട് അടുത്ത് നില്‍ക്കുന്ന മരുത് മരം നിറയെ പൂത്തപൂക്കള്‍ ധാരാളം കൊഴിഞ്ഞു പാറയില്‍ അവല്‍ വിതറിയത് പോലെ വീണു കിടക്കും. കരി വീരന്മാരെ ഓര്‍മിപ്പിക്കുന്ന വലിയ കല്ലുകളും പാറക്കൂട്ടങ്ങളും. തോടിന്റെ ഇരുവശവും മുളംകാടുകളും, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇരുപ്പ മരങ്ങളും, മാവ് , പ്ലാവ്, മരുത്, കാട്ടശോകവും തുടങ്ങി പേരറിയാത്ത പലതരം മരങ്ങളും ചെടികളും കൊണ്ട് നിബിഡാമാണ്. കാട്ടശോകവും വെള്ളിലയും നിറയെ പൂക്കളുമായി നില്‍ക്കുന്ന കാഴ്ച വളരെ മനോഹരമാണ്. തോടിന്റെ അരികില്‍ പറമ്പില്‍, കുറുവനെയും കുറത്തിയെയും ഓര്‍മിപ്പിക്കുന്ന രണ്ടു വലിയ കല്ലുകളുണ്ട്. വേനല്ക്കാലമാണെങ്കിലുംതോട്ടില്‍ എപ്പോഴും നല്ല തണുപ്പായിരിക്കും. അവിടയിടെയായി വെള്ളം കെട്ടി കിടക്കുന്ന കുഴികളില്‍ കരിയിലകള്‍ വീണു കിടക്കും.അതിന്നിടയിലൂടെ നീര്‍ക്കോലികള്‍ തല നീട്ടിയിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. വളരെ ചുരുക്കമായി തവളകളും കാണും, നീര്‍ക്കോലികള്‍ക്ക് ഇരയാവാന്‍.
പുതു മഴയില്‍ മലയുടെ മുകളില്‍ നിന്ന് ഒഴുകി എത്തുന്ന വെള്ളം ഓരോ കുഴികളും നിറച്ചു കരിയിലകളെ തൂത്തു വാരികൊണ്ട് ഒഴുകി ഒഴുകി വരുന്ന കാഴ്ച വളരെ രസാവഹമാണ്. തുടര്നുള്ള ഒഴുക്ക് ഒരു മഴവെള്ളപ്പാച്ചില്‍ ആയിരിക്കും. തുടര്‍ച്ചയായുള്ള മഴകള്‍ ശബ്ദങ്ങളെയും കാഴ്ചകളെയും മാറ്റി മറയ്ക്കുന്നു. വെള്ളം ഓരോ കല്ലിലും തട്ടി ആര്‍ത്തലച്ചു പോകുന്ന ശബ്ദം കാതടപ്പിക്കുന്നതാണ് . ഈ ഭയാനകമായ മത്സരയോട്ടം കണ്ടു നില്ക്കാന്‍ പേടി തോന്നും. കരിയിലകളൊക്കെ ഒഴുകി പോകുന്നു , തോട് വൃത്തിയാകുന്നു. വലിയ മഴകളില്‍ വെള്ളത്തിന് മണ്ണിന്റെ നിറമാണ്. ആദ്യത്തെ ഒഴുക്ക് കഴിഞ്ഞാല്‍ വെള്ളം തെളി നീരായി.
പിന്നീടുള്ള ദിവസങ്ങളില്‍ തവളകളുടെ ബഹളം. എല്ലാം വയറു വീര്‍പ്പിച്ചു പിടിച്ചു ക്രോം... ക്രോം... എന്ന് കരയുകയാണോ ചിരിക്കുകയാണോ? ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളത്തില്‍ തവളകളുടെ മുട്ടകള്‍.......എനിക്കിത് കാണാന്‍ വലിയ ഇഷ്ടമുള്ള സംഗതി ആണ്. കരിമണി മാലകളുടെ ഒരു കൂട്ടം പോലെ. എടുത്തു കഴുത്തിലണിയാന്‍ തോന്നി പോകും. എന്നാലിത് പുതു മഴക്കാലത്തെ കാണാറുള്ളു. ശക്തിയായ വെള്ളം തോട് കവിഞ്ഞൊഴുകുന്ന സമയങ്ങളില്‍ ഞണ്ടുകള്‍ വെള്ളത്തില്‍ നിന്നും കരയിലേക്ക് വരും. പാറകളില്‍ അള്ളി പിടിച്ചിരിക്കും. ഞണ്ടുകളെ എനിക്കെന്നും പേടിയായിരുന്നു(എട്ടുകാലികളെ പോലെ). കുളിക്കടവ് നല്ല തെളിഞ്ഞ സ്ഥലവും ആഴം കുറഞ്ഞ വെള്ളം പരന്നോഴുകുന്നതുമാണ്. പരല്‍ മീനുകളും,ഞണ്ട്, നീര്‍ക്കോലി, തവള, വാഴക്കാവരയന്‍, വട്ടോന്‍ , പാറേലോടി, കൊഞ്ചും അതിന്റെ കുഞ്ഞുങ്ങളും എല്ലാം നീരാട്ടിനുണ്ട്. വീടിന്റെ പുറകുവശത്തെ സ്ഥലം ചെരിവും നിരപ്പുമായിട്ടാണ് തോടിന്റെ ഭാഗത്തെത്തുന്നത് . വീട്ടില്‍ നിന്നും നോക്കിയാല്‍ കുറെ ഭാഗം വരെ വെള്ളം ഒഴുകി പോകുന്നത് കാണാം.
വീടിന്റെ മുന്‍വശത്തിന് സമാന്തരമായി ഒരു ഉയര്‍ന്ന കയ്യാല ആയതിനാല്‍ അതിനപ്പുറമുള്ള സ്ഥലം കാണാന്‍ പറ്റില്ല.മത്തായിചേട്ടന്റെതാണ് രണ്ടേക്കറോളം വരുന്ന ആ സ്ഥലം. നല്ല മൈതാനം പോലെ പരന്നു സമചതുരത്തില്‍ കിടക്കുന്നു. ആ സ്ഥലത്താണ് അവറാനും തെറുതിയും താമസിച്ചിരുന്നത്. അവറാനെ അപേക്ഷിച്ച് തെറുതി വളരെ വ്യതസ്ത ആയിരുന്നു; ആകാരത്തിലും വായിലുള്ള ഈരണ്ടു നിര പല്ലുകളുടെ കാര്യത്തിലും. പല്ലുകളുടെ ബാഹുല്യം നിമിത്തം സംസാരം കൊഞ്ഞയായതിനാല്‍ വായ് നിറയെ തുപ്പല്‍ പത കൊണ്ട് നിറയും. ഒരു കണ്ണ് ചുളിച്ചു പിടിച്ചു കൊണ്ടുള്ള ഈ കൊഞ്ഞ സംസാരം അവരുടെ മൂത്ത മകനും എന്റെ ബാല്യകാല സുഹൃത്തുമായ ചെറുക്കനും ഉണ്ടായിരുന്നു.
ആറു മക്കളില്‍ മൂത്തയാളാണ് ചെറുക്കന്‍. അവനു കറുത്ത നിറവും കുറ്റി തലമുടിയും നല്ല പല്ലുകളും ഉണ്ടായിരുന്നു. മുഷിഞ്ഞ കള്ളി മുണ്ടും തോര്‍ത്തും ആയിരുന്നു വേഷം. വൃത്തിയുടെ കാര്യത്തില്‍ അല്പം പുറകോട്ടായിരുന്ന അവനോടു എനിക്കതിനാല്‍ തന്നെ അല്പം മതിപ്പ് കുറവായിരുന്നു. മുറ്റത്തു കൂട്ടിയിട്ടരുന്ന കച്ചിക്കൂനയില്‍ ചാടി തിമിര്‍ക്കുമ്പോള്‍ ഹൈജമ്പിലും ലോങ്ങ്‌ജമ്പിലും എനിക്ക് വിജയം എന്നും സുനിശ്ചയമായിരുന്നു . ഒരു ദിവസം എന്‍റെ ചേട്ടന്‍ ചെറുക്കനെ കൊണ്ട് കുറെ പാക്ക് പറിപ്പിച്ചു. പാക്ക് വിറ്റ് ഞാനും ചേട്ടനും അനിയത്തിയും ചെറുക്കനും കൂടി ``ഭാര്യ`സിനിമ കാണാന്‍ പോയി. ആദ്യമായി സിനിമയ്ക്കു പോകുന്നതിന്റെ ത്രില്ലില്‍ ആയിരുന്നു ഞാനും അനിയത്തിയും. തിയേറ്ററിലെ ഏറ്റവും മുന്നിലുള്ള ബെഞ്ചില്‍ നിരനിരയായി ഇരുന്നു. കസേരയില്‍ ഇരിക്കുന്നവരെ കണ്ടപ്പോള്‍ ഉണ്ടായ മനപ്രയാസം തറയില്‍ ഇരിക്കുന്നവരെ കണ്ടപ്പോള്‍ തീര്‍ന്നു. പെരിയാറെ എന്ന് പാടി സത്യന്‍ വെള്ളം കോരി എറിഞ്ഞപ്പോള്‍ രാഗിണിക്കൊപ്പം ഞാനും നനഞ്ഞു. മുന്നിലായിരുന്നതുകൊണ്ട് നനയാന്‍ എളുപ്പവുമായിരുന്നു. സത്യനെ കണ്ട സന്തോഷവും, രാഗിണി മരിച്ചതും കുട്ടികള്‍ അനാഥരായതും കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ തിയേറ്ററിനു പുറത്തിറങ്ങി. പുറത്തെ കാഴ്ച കണ്ടു ഞാന്‍ ഞെട്ടി. അപ്പച്ചനും അമ്മച്ചിയും ചേച്ചിമാരും!!! അനിയത്തിക്ക് കിട്ടിയ രണ്ടാം ചാന്‍സ്. ഞാന്‍ മാത്രം ചേട്ടന്റെ കൂടെ വീട്ടിലേക്ക്. കരയണോ ചിരിക്കണോ എന്നതിന് തീരുമാനമായി. ഞാന്‍ പൊട്ടിക്കരഞ്ഞു. വഴി നീളെ കരഞ്ഞുകൊണ്ടിരുന്ന എന്നെ ചേട്ടന്‍ വഴക്ക് പറഞ്ഞു. സാരമില്ല സാരമില്ല എന്ന് പറയുന്നത് പോലെ ചെറുക്കന്‍ എന്നെ കൂടെ കൂടെ നോക്കി. ഞങ്ങളുടെ സൗഹൃദം അധികനാള്‍ നീണ്ടുനിന്നില്ല. അവറാനും കുടുംബവും ഈ നാട്ടില്‍ നിന്ന് എവിടെയ്ക്കോ പോയി. വര്‍ഷങ്ങളോളം ആ പുരത്തറ അവിടെ അവശേഷിച്ചു.
തൊട്ടു ചേര്‍ന്നുള്ള സ്ഥലത്ത് കാണുന്ന പുരത്തറയില്‍ ഒരു വീടിന്റെ അസ്ഥികൂടങ്ങള്‍.....! ഭിത്തികള്‍ പൂര്‍ണ്ണമായും ഇടിഞ്ഞു വീണിരുന്നില്ല .ഇവിടെയാന്നു ഞാന്‍ ജനിച്ചുവീന്നത് . എന്റെയും സഹോദരങ്ങളുടെയും ബാല്യകാലം . മുറ്റത്തെ കൈയ്യാല പൊത്തുകളിലെ തേളുകളെ ടോര്‍ച്ച് അടിച്ച് ഉറക്കം കെടുത്തിയതും ,രാത്രികളില്‍ മിന്നാമിനുങ്ങുകളെ ചില്ലുകുപ്പിയിലാക്കി തലയിണയോട് ചേർത്തുവെച്ചതും, ആ നുറുങ്ങ് വെട്ടത്തിൽ മയങ്ങി ഉണർന്നതും ,അടുത്തരാവിൽ ചേർക്കാൻ വിടുത്തൽ കൊടുത്തതും. ,ജാഥയായി പോകുന്ന ഉറുമ്പുകളില്‍ ഒരാളാകാന്‍ കൊതിച്ചതും ,ഉറുമ്പിന്‍ കൂട്ടിലെ ജീവിതം സ്വപ്നം കണ്ടതും ഇവിടെ വെച്ചാണ്.
അതുപോലെ ഈ കാലഘട്ടത്തില്‍ ഞാന്‍ സ്ഥിരമായി കാണുന്ന ഒരു സ്വപ്നം ഉണ്ടായിരുന്നു .ആ സ്വപ്നത്തില്‍ ഞാന്‍ ഏറെ പ്രതീഷ വച്ച് പുലര്‍ത്തി. ആ സ്വപ്നം ഇങ്ങനെ ആയിരുന്നു .ഒരു വലിയ ഗോളം!.അത് ഭൂഗോളം ആയിരുന്നില്ല അതില്‍ ഭൂപടങ്ങലോ നിറങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ഗോളത്തില്‍ നെടുകെയും കുറുകെയും അളന്നു കുറിച്ച വരകള്‍ .അതിന്റെ ഉള്ളില്‍ നില്‍ക്കുന്ന എനിക്ക് പുറമേ ഉള്ള കാഴ്ചകളും കാണാമായിരുന്നു. അത്ര സുതാര്യമായിരുന്നു. ഇതിന്റെ ഉള്ളില്‍ നടുവിലായി നില്‍ക്കുന്ന ഞാന്‍ ഗോളം ഉള്‍പ്പടെ പലവട്ടം കറങ്ങുന്നു! അത് വേഗത്തില്‍ കറങ്ങി സാവധാനം നില്‍ക്കുന്നു. പെട്ടന്ന് കണ്ണ് തുറക്കുന്ന ഞാന്‍ അല്പനേരത്തേക്ക് ആ സ്വപനവലയത്തില്‍ പെട്ട് പോകുന്നു. ഈ സമയത്ത് (ഈ സ്വപ്നം കാണുന്ന പ്രായത്തില്‍ ) പാഠപുസ്തകത്തില്‍ ഇതേപോലെ സ്വപ്നം കണ്ട ഒരാളെ പ്പറ്റി പഠിക്കാന്‍ ഉണ്ടായിരുന്നു. എന്നെപ്പോലെ ബാല്യകാലത്ത് ഇതേ സ്വപനം കണ്ടിരുന്ന ആള്‍ . അത് സ്വാമി വിവേകാന്ദന്‍ ആയിരുന്നു. ഈ ഒരു കാരണം മതിയായിരുന്നു എനിക്ക് എന്നെ കുറിച്ചൊരു മതിപ്പ് തോന്നാന്‍. എന്നാല്‍ പുസ്തകത്തില്‍ വായിച്ചതിനു ശേഷം ഞാന്‍ ആ സ്വപ്നം ഒരിക്കലും കണ്ടിട്ടില്ല .അത് ഭുഗോളമല്ല വെറും O (പൂജ്യം ) ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി.
വീട് എന്ന് പറഞ്ഞാല്‍ മറ്റൊരു സ്വപ്നം! വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മൂവാണ്ടന്‍ മാവ് നിറയെ മാങ്ങയും മാമ്പഴങ്ങളും .ചെമ്പകം നിറയെ പൂക്കള്‍ . പലതരം ചെമ്പരത്തിപൂക്കളുടെ മേളം. വീടിന്റെ പുറകുവശം ചെറുതും വലുതുമായ കശുമാവുകളുടെ തോട്ടം.അതും,എത്ര തരം കശുമാവുകൾ,ഏതെല്ലാം നിറത്തിലുള്ള കശുമാമ്പഴങ്ങൾ,വലുപ്പത്തിലും ,ആകൃതിയിലും എല്ലാം വ്യത്യാസമുള്ളതും. കശുവണ്ടികളുടെ കാലമായാല്‍ ചില്ലറകള്‍ എന്തെങ്കിലും കൈയ്യില്‍ തടയും. കണ്മഷി ,പൗഡര്‍ , കുപ്പിവളകള്‍. അങ്ങനെ പലതും....പലതും .....കുറച്ചു നാളത്തേക്ക് പിന്നെ ആകെ ത്രില്ലിലാണ് .അത് കഴിഞ്ഞാല്‍, പിന്നെയും ചങ്കരന്‍ തെങ്ങേൽ ...വീടിന്റെ മുന്‍ വശത്തായി കുറച്ചു അകലെ യുള്ള പനംതോട്ടം ഒരു കാഴ്ച തന്നെയാണ് . പനകളുടെ ഒരു വലിയ കൂട്ടം, നാനാ ഭാഗത്തേക്കും കൈകള്‍ വിരിച്ചു നില്‍ക്കുന്ന പനകള്‍ എപ്പോഴും ഒരു ഭീകര അന്തരീഷം സൃഷ്ടിക്കും .ഇതിനോട് ചേര്‍ന്ന് ഈറ്റക്കാടുകളും. സൂര്യൻ കത്തി നില്ക്കുന്ന നട്ടുച്ച നേരത്തും ,പനംതോട്ടം ഒരു സായം സന്ധ്യയിലാണ്.പനംതോട്ടത്തിനുള്ളില്‍ ചെറിയ പാറകളും , കല്ലിന്കൂട്ടങ്ങളും. കമ്മ്യൂണിസ്റ്റു പച്ചകളും ,കൈയ്യോന്യ ചെടികളും കൊണ്ട് നിബിഡമാണ് ..കൈയ്യോന്യത്തില്‍ നിറയെ മഞ്ഞയും,ചുവപ്പും ,നീലയുമായ പൂക്കള്‍ ...പൂക്കളില്‍ ധാരാളം തേനും! പൂപറിച്ച് തേന്‍ കുടിക്കാന്‍ നല്ല രസമാണ്. തനിയെ പനംതോട്ടത്തില്‍ പോകാന്‍ പേടിയായിരുന്നെങ്കിലും അവിടെ മാവുകള്‍ ഉണ്ടായിരുന്നത് കൊണ്ട് അടുത്തവീട്ടിലെ ട്രീസയേയും കൂട്ടും .പിന്നെ അനിയത്തിയും. പുരമേയാന്‍ പനയോലകളെല്ലാം വെട്ടിയെടുക്കുമ്പോള്‍,സൂര്യനും ,നിലാവും യഥാ സമയങ്ങളിൽ പനംതോട്ടത്തിൽ എത്തും. .അന്ന് ഓടിട്ട വീടുകള്‍ വളരെ ചുരുക്കമാണ്. കോണ്‍ക്രീറ്റ് വീടുകള്‍ ഇല്ലതന്നെ. എല്ലാം ഓല മേഞ്ഞ വീടുകള്‍ .ഞങ്ങളുടെ ആവശ്യത്തിനു വെട്ടിയെടുക്കുന്നത് കൂടാതെ ആവശ്യക്കാര്‍ വേറെയും ഉണ്ടാകും .
വല്യപ്പത്തറ ചേര്‍ന്ന് പോകുന്ന വഴി പിന്നെ ഒരു ഇറക്കത്തിലേക്കാണ്. വീടിരിക്കുന്നിടം നിരന്ന സ്ഥലമാണെങ്കിലും അവിടുന്നങ്ങോട്ട് താഴേക്കു പോകുന്തോറും കുത്തനെ ഉള്ള ഇറക്കമാണ്. ട്രീസ്സയും,ലാലുമോളും ,സാറയും താമസിച്ചിരുന്ന വീടും ഈ ഇറക്കത്തിലായിരുന്നു. ഞങ്ങൾ മുഖ്യമായും ഈ വഴിദൂരം കണക്കിലെടുത്താണ് തോടിനടുത്തു വീട് വെച്ചത്.
_______________________________________________________

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ