2011 ജനുവരി 24, തിങ്കളാഴ്‌ച

അദ്ധ്യായം രണ്ട്

മഞ്ഞ കോളാമ്പി പൂക്കള്‍



                                      പനന്തോട്ടത്തിന് ഏകദേശം താഴെയായി ഒരു പേരമ്മയും (എന്റെ അപ്പന്റെ സഹോദരിമാരിൽ ഒരാൾ )പേരപ്പനും താമസിച്ചിരുന്നു. രണ്ട് പേരും നല്ല പ്രായമുള്ളവരും, വെളുത്ത നിറമുള്ളവരും ആയിരുന്നു. (വെളുപ്പിനെ എടുത്തു കാണിച്ചതല്ല, എങ്കിലും വെളുപ്പ് ഒരു വലിയ സംഭവം ആയിട്ടാണല്ലോ വളരെ പേർ കരുതുന്നത്. ഇവിടെ വായിക്കുമ്പോൾ മനസ്സിൽ പതിയുന്ന ചിത്രത്തിൽ അതും കൂടി ചേർത്തു എന്ന് മാത്രം.) പേരപ്പൻ മെല്ലിച്ച ആളായിരുന്നെങ്കിൽ പേരമ്മ തടിയുള്ള ആളുമായയിരുന്നു. ആ പ്രായത്തിലും പേരമ്മ കാഴ്ച്ചയിൽ നല്ല ആഢ്യത്യം തോന്നിപ്പിക്കുന്ന, സൗന്ദര്യം ഉള്ള ആളായിരുന്നു.അപ്പോൾ തന്റെ ചെറുപ്പകാലത്ത് അവർ എത്രമേൽ സുന്ദരി ആയിരുന്നിരിക്കണം.
എങ്കിലും ഒരു പ്രശ്നം ഉണ്ടായിരുന്നു. വയസ്സായ കാലത്ത്,  നട്ടെല്ലിന് എന്തോ പ്രശ്നം ഉണ്ടായിട്ട് നിവർന്ന് നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അത് കൊണ്ട് കൂനി ആണ് നടന്നിരുന്നത്. നിവർന്ന് നടക്കുന്ന പേരമ്മയെ ഞാൻ കണ്ടിട്ടില്ല.

                                            പേരമ്മയ്ക്ക് നാല് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. അവർ നാല് പേരും ദൂരെ എവിടെയോ ആയിരുന്നു താമസം.പേരപ്പൻ ഇടയ്ക്കിടയ്ക്ക് മക്കളുടെ അടുത്ത് പോകുമ്പോൾ ഞാനും ചേച്ചിയുമാണ് കൂട്ട് കിടക്കാൻ പോകേണ്ടി വരിക. പേരമ്മ മുറുക്കുന്ന ആളായിരുന്നു. ചെറിയ   ഓട്ട്ഗ്ലാസ്സിന്റെ ആകൃതി   ഉള്ള   ഇരുമ്പിൻറെ  ഉരലും, ഉലക്കയും. വളരെ  ചെറുത്‌. ആ പ്രായത്തിലെ എൻറെ കൈയ്യുടെ ഒരു ചാണ്‍ നീളമേ  ഉലയ്ക്കയ്ക്ക്   ഉണ്ടായിരുന്നുള്ളു .  ഒരറ്റം   വണ്ണം കൂടി   മറ്റേ അറ്റം വണ്ണം കുറഞ്ഞു   ചെറിയ  ഉലക്ക .  വെറ്റിലയും, പാക്കും, ചുണ്ണാമ്പും, പുകയിലയും   കൂടി ഉരലിൽ ഇട്ട്  ഇടിക്കുമ്പോള്‍   നല്ല ഒരു   മണം വരും. കിണിം.......കിണിം ...എന്നൊരു   ശബ്ദവും. ആ   ശബ്ദം കുറെ   അകലെവരെ   കേള്‍ക്കാം. ഇടിച്ചു   പാകമായ   മുറുക്കാന്‍  കൈ   വിരലുകൊണ്ട്  തോണ്ടിയെടുത്തു   വായില്‍ ഇടും. എന്നിട്ട്  പല്ലില്ലാത്ത   മോണകാട്ടി ചിരിക്കും.

                    അങ്ങനെയിരിക്കെ ഒരു  ദിവസം  പേരമ്മയുടെ  മകനും  കുടുംബവും   കൂടെ  താമസിക്കാന്‍  വന്നു. കുട്ടികള്‍  രണ്ടു  പേര്‍ .മൂത്തവള്‍ ട്രീസ. എന്നേക്കാള്‍  ഒരു  വയസ്സിനിളപ്പം. ഇളയകുട്ടി  ലാലുമോള്‍ക് നാലുവയസും . ട്രീസ്സയ്ക്ക്   ഇരുണ്ട  നിറമായിരുന്നു . എന്നാല്‍, ലാലു  മോള്‍  നല്ല  വെളുത്തുതുടുത്തു  മാലാഖ   പോലെ. രണ്ടു  പേര്‍ക്കും  കവിളിൽ  നുന്നക്കുഴികളുണ്ടായിരുന്നു. ട്രീസയുടെ സുന്ദരമായ പല്ലുകളും    ഒരുവശത്ത്  ഭംഗി കൂട്ടുന്ന കട്ടപ്പല്ലും  കാണുമ്പോള്‍  എനിക്ക്  അവളുടെ  മുന്നില്‍  ചിരിക്കാന്‍  നാണമായിരുന്നു.  പല്ലുണ്ട്   എന്ന്  കാണിക്കാന്‍   അവളെപോലെ   ചിരിച്ചു   കാണിക്കേണ്ട   ആവശ്യം   എനിക്കില്ലായിരുന്നു .സ്വയമേ   പുറത്തേയക്ക്  ഉന്തിയ   പല്ലുകള്‍   ഒരു   ചിരിയുടെ  പരിവേഷം  എപ്പോഴും  എന്നിലുണ്ടാക്കിയിരുന്നു. എങ്കിലും  അല്പം  നിറം  കൂടുതല്‍  എനിക്കല്ലേ  എന്ന് ഒരു  സംശയം .തീര്‍ച്ചയില്ല. ഇതു  മറ്റുള്ളവര്‍  പറയേണ്ട കാര്യമാണെങ്കിലും,  അത്  അങ്ങിനെ  തന്നെ  എന്ന്  വിശ്വസിക്കാനായിരുന്നു   എനിക്കിഷ്ട്ടം. സൗന്ദര്യത്തിന്റെ മാനദണ്ഡം  എന്തൊക്കെയാണോ അതെല്ലാം അവള്‍ക്കുണ്ടായിരുന്നു.

                               ട്രീസ  വന്നപ്പോള്‍  ചെറുക്കന്‍  പോയതിന്റെ  വിഷമം  തീര്‍ന്നു.പിന്നെ  ഞങ്ങള്‍  വലിയ  കൂട്ടുകാരായി .മാമ്പഴം  പെറുക്കിയും, കശുവണ്ടി പെറുക്കിയും ``കഞ്ഞിയുംകറിയും`` വെച്ചും നടന്നു .മുറ്റത്ത് ഞങ്ങള്‍  കുഴിപന്ത്  കളിക്കുന്നതും, കോലുകളിക്കുന്നതും, ചില്ലുകളിക്കുന്നതും  നോക്കി  മുറുക്കി  ചുവപ്പിച്ചു  പല്ല്  ഇല്ലാത്ത   മോണകാട്ടി പേരമ്മ  ചിരിച്ചുകൊണ്ടിരിക്കും. മാസങ്ങള്‍  കടന്നു  പോയി .ഞാനും  ട്രീസയം  മുറ്റത്ത്‌  കളിച്ചു കൊണ്ടിരിക്കയായിരുന്നു. ലാലുമോള്‍ക്ക്  പനിയാ യിരുന്നതുകൊണ്ട്  ഞങ്ങളുടെ  കൂടെ  ഉണ്ടായിരുന്നില്ല. അപ്പോള്‍   അവളുടെ  അമ്മ  സങ്കടപ്പെട്ട് വന്നു ട്രീസയോട്  പറഞ്ഞു "ലാലുമോള്‍ക്ക്  തീരെ  സുഖമില്ല, നീ വീട്ടില്‍  പോയി  പറഞ്ഞിട്ടുവാ". അവള്‍  തനിച്ചേ  ഉള്ളു  എന്ന കാരണത്താല്‍  എന്നെയും  കൂട്ടിനുവിട്ടു .അമ്മവീട്ടിലേക്ക്   ഒത്തിരി  ദൂരം  ഉണ്ട്, എന്നുതന്നെയല്ല  കുത്തനെയുള്ള  മലകയറി  അങ്ങ്  ചക്രവാളത്തില്‍ എത്തണം . ഞങ്ങള്‍  ലാലു മോളുടെ  പനി അത്ര  കാര്യമായി  എടുത്തില്ല . പോകുന്ന വഴി ,കാണുന്ന  പൂവും ,കായും  പറിച്ചു  കളിച്ചു ചിരിച്ചു  ആണ്  പോക്ക്. മല  കയറി  കയറി  ഞങ്ങള്‍  മടുത്തു . വഴിയരികില്‍  കണ്ട  വീട്ടില്‍  കയറി  ഞങ്ങള്‍  വെള്ളം  കുടിച്ചു . മുറ്റത്ത്  നില്‍ക്കുന്ന  കോളാമ്പി  പൂക്കളുടെ  കൂട്ടം  കണ്ടിട്ടാണ്  വെള്ളം കുടിക്കാന്‍  കയറിയത് . വെള്ളം  തന്ന  അമ്മുമ്മയോടു  കുറെ  പൂക്കളും  ഞങ്ങള്‍  ചോദിച്ചു  വാങ്ങി .പിന്നെ  അതിൻറെ   ഭംഗി  ആസ്വദിച്ചാണ് പോക്ക്.

                                 അമ്മവീട്ടില്‍  ചെന്നു. വിവരം  അറിഞ്ഞപ്പോള്‍  ട്രീസയുടെ  കൊച്ചമ്മ ഉടന്‍  വീട്  പൂട്ടി , അടുത്തവീട്ടില്‍ പറഞ്ഞ്  ഞങ്ങളുടെ  കൂടെ  യാത്രയായി. കൊച്ചമ്മ ആകെ സങ്കടപ്പെട്ട്   ധൃതിയില്‍ മുന്‍പേ  ഓടുകയാണ്. മലയിറക്കം  ഇറങ്ങിയത്  എങ്ങിനെയെന്ന്  ഞങ്ങളും അറിഞ്ഞില്ല. ആ മാതിരി  ഉള്ള ഒരു  ഓട്ടമായിരുന്നു .  വല്യപ്പത്തറ കഴിഞ്ഞുള്ള  ഇറക്കത്തില്‍  എത്തിയപ്പോഴേ  കണ്ടു  മുറ്റത്ത് ആള്‍ക്കാര്‍  അങ്ങോട്ടും  ഇങ്ങോട്ടും നടക്കുന്നു .അലച്ചുതല്ലി  വീടിനടുത്തെത്തിയപ്പോള്‍  കേള്‍ക്കാം  വേര്‍പാടിന്റെ  നിലവിളി! അകത്ത് കയറിയ  ഞാനും  ട്രീസയും  തരിച്ചു നിന്നു. കൊച്ചമ്മ സ്വന്തം ചേച്ചിയോടൊപ്പം അലമുറയിട്ടു . ലാലുമോള്‍ മുഖം  മാത്രം  കാണാന്‍  പാകത്തില്‍  പുതപ്പിനുള്ളില്‍...ചുരുണ്ട  മുടിയിഴകള്‍  നെറ്റിയിലേക്ക്  വീണുകിടന്നു .നുണക്കുഴികള്‍  തെളിയാന്‍  പാകത്തില്‍ മനോഹരമായ  ഒരു പുഞ്ചിരി  ആ ഇളം  ചുണ്ടുകളില്‍  തങ്ങി  നിന്നു . ഞാന്‍  ട്രീസയെ  നോക്കി .അവള്‍  തലകുമ്പിട്ടു  നില്‍ക്കുകയാണ് . ഇടക്കെപ്പോഴോ  അവള്‍  തലയുയര്‍ത്തി എന്നെ  നോക്കി .അവള്‍  കരഞ്ഞില്ല. ഞാനും .ഞങ്ങള്‍ക്ക്  കരയാന്‍ പറ്റുമായിരുന്നില്ല  അത്രമാത്രം നടുങ്ങിപ്പോയിരുന്നു, പേടിച്ചും. ചങ്കില്‍  ഒരു  പട ...പടപ്പ് ...മാത്രം. ലാലുമോള്‍  ....വയലറ്റ്  നിറമുള്ള  സില്ക്കുടുപ്പില്‍  അവള്‍  എത്ര എത്ര സുന്ദരിയായിരുന്നു ....ഇനി ...?എനിക്കൊന്നു  കരയാന്‍  കഴിഞ്ഞിരുന്നെങ്കില്‍ .  ആ  അവസ്ഥ അതികഠിനം ആയിരുന്നു. ട്രീസയുടെ  അവസ്ഥയും എന്നില്‍ നിന്ന്  ഒട്ടും വ്യത്യസ്ഥമായിരുന്നില്ല. ദുഃഖം  തളംകെട്ടികിടക്കുന്ന  അന്തരീക്ഷം. എങ്ങും  നനഞ്ഞ  കണ്ണുകള്‍ . മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ , കട്ടിലില്‍  കിടത്തി  ലാലു മോളെ  കുളിപ്പിച്ചു. പൗഡർ  ഇട്ട്  വെള്ളത്തുണിയില്‍   പുതപ്പിച്ചു കിടത്തി .  അവളെ  കിടാത്തന്‍  പലകകള്‍  കൊണ്ട്  കുഞ്ഞു ശവപ്പെട്ടി  തട്ടികൂട്ടുന്നതിന്റെ  ശബ്ദങ്ങള്‍ .  പതിഞ്ഞ  സംസാരങ്ങള്‍ ,അഭിപ്രായങ്ങള്‍ .പച്ചനിറത്തില്‍  വെള്ള ചെറിയ വളയങ്ങളുടെ പടമുള്ള   പുതിയ  കുഞ്ഞുടുപ്പ്‌  അവളെ  ഇടുവിച്ചു . ഉടുപ്പിന്റെ തന്നെ  തൂവാല തലയില്‍ കെട്ടി . സമ്മാനങ്ങള്‍  പൊതിയുന്ന   കടലാസ്സുകള്‍  കൊണ്ട് പൊതിഞ്ഞ്, നാലുവശത്തും  കുരിശുകള്‍  വെട്ടി  ഒട്ടിച്ച്  മനോഹരമാക്കിയ  കുഞ്ഞ്  ശവപ്പെട്ടിയും തയ്യാറായി കഴിഞ്ഞു . ലാലു മോളെ  അതില്‍  കിടത്തി .അവള്‍  അപ്പോഴും പുഞ്ചിരിച്ചു  കിടന്നു. പള്ളിയിലച്ചന്‍ വന്നു. പ്രാര്‍ത്ഥനകള്‍ക്കിടയിലും അമ്മയുടെയും കൊച്ചമ്മയുടെയും ഏങ്ങലടികള്‍ ഉയര്‍ന്നുകേട്ടു.അലമുറകള്‍ക്കിടയില്‍ കുഞ്ഞു ശവപ്പെട്ടി ഉയര്‍ന്നു പൊങ്ങി. ആള്‍ക്കാര്‍ നിരനിരയായി നാട്ടുവഴിയിലൂടെ...പുറകിലായി ലാലുമോള്‍. വല്യപ്പത്തറ  കഴിഞ്ഞു. പിന്നെ കാണാന്‍ വയ്യ. ഞാന്‍...ലാലുമോളുടെ വീട്ടുമുറ്റത്ത്‌ നോക്കി നിന്നു.  പിന്നീട്...കോളാമ്പി പൂക്കളും സമ്മാനങ്ങള്‍ പൊതിയുന്ന കടലാസുകളും നഷ്ടപ്പെടലുകളുടെയും കണ്ണുനീരിൻറെയും  ഓര്‍മ്മയായി മാറി..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ