വര്‍ഷങ്ങള്‍ രണ്ടോ, മൂന്നോ കടന്നു പോയി. ഈ കാലമൊക്കെയും അനിയത്തിയായിരുന്നു കൂട്ട്. പിന്നെ പേരമ്മയുടെ വീട്ടിലും പോകും. പേരമ്മയുടെ അടുത്ത് പേരപ്പന് ഇല്ലാത്തപ്പോള്‍ കൂട്ടുകിടക്കാന്‍ നേരെ മൂത്ത ചേച്ചിയും ആയിട്ടാണ് പോവുക. ചേച്ചി എന്നേക്കാള്‍ ധൈര്യവതിയാണ് . രണ്ടു മുറികളുള്ള വീടാണെങ്കിലും പേരമ്മ തിണ്ണയിലെ കിടക്കു. തുറന്നു കിടക്കുന്ന തിണ്ണ രാത്രിയില്‍ അടവാക്കാന്‍ പേരപ്പന് കുറെ ഓല മറകള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. രാത്രിയാകുമ്പോള്‍ ഓലമറകള്‍ ഓരോന്നായി കഴുക്കോലില്‍ നിന്ന് തൂക്കിയിട്ട് വീടിന്റെ മുന്‍വശം മുഴുവനും മറെക്കുന്നു. അപ്പോള്‍ ആ തിണ്ണ മുറിപോലെയാകും. നേരം വെളുക്കുമ്പോൾ മറകള്‍ എല്ലാം എടുത്തു മാറ്റും. അപ്പോള്‍ തുറസ്സായ തിണ്ണയും. തിണ്ണയുടെ ഒരു അറ്റത്തായിട്ടാണ് പേരമ്മയുടെ കട്ടില്.ആ ഭാഗത്തെ മറ ഒരിക്കിലും നീക്കാറില്ല. തിണ്ണയുടെ അരികുവശം കൃത്യം മുന്‍ഭാഗം, കുറെ നീളത്തില്‍ കട്ടിയുള്ള പലക ഉറപ്പിച്ചിരിക്കയാണ്. അത് ഒരു ബെഞ്ചിന്റെ ഗുണം ചെയ്യും. ഞങ്ങള്‍ ചെന്നാല്‍ അവിടെയാണ് ഇരിക്കുക. പേരമ്മ മുറുക്കാന്‍ ഇടിക്കുന്നത് ആ പലക പുറത്തു വെച്ചാണ്. നീളമുള്ള തിണ്ണയില്‍ നിന്ന് അകത്തേക്ക് രണ്ടു വാതിലുകളായി രണ്ടു മുറികള്‍ . മുന്‍വശം പലകകള്‍ കൊണ്ടുള്ള നിരയാണ്. പേരമ്മ തിണ്ണയില്‍ കിടക്കുന്നതുകൊണ്ട് ഞങ്ങളും തിണ്ണയിലാണ് കിടക്കുന്നത് . എനിക്ക് തിണ്ണയുടെ അരികില്‍ കിടക്കാന്‍ പേടിയാണ് . ഓലമറ ഉണ്ടെങ്കിലും. ഞാന്‍ നിരയോടു ചേര്‍ന്ന് കിടക്കും. ഉറങ്ങാന്‍ കിടക്കുന്നത് വരെ പേരമ്മയുടെ പ്രാവ് വിളക്ക് എന്റെ കൈലായിരിക്കും. താഴെ വെയ്ക്കാന്‍ തോന്നില്ല. അത്ര ഭംഗിയാണ്. ശരിക്കും പ്രാവിന്റെ ആകൃതിയും വലുപ്പവും. ഓടുകൊണ്ടുള്ള വിളക്കായതുകൊണ്ട് സ്വര്‍ണ്ണ നിറമാണ് . ആ വിളക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ഒത്തിരി കൊതിച്ചിട്ടുണ്ട് .
പേരപ്പന് ഇല്ലാത്തപ്പോഴാണല്ലോ ഞങ്ങള്‍ പോകേണ്ടിവരിക . ചിലപ്പോള്‍ മക്കളുടെ മക്കളും വന്നു കുറച്ചു ദിവസം നിന്നിട്ട് പോകാറുണ്ട് . അങ്ങനെ ഇരിക്കെ പേരമ്മയുടെ മകളുടെ മകള്‍ ( ട്രീസയുടെ അപ്പന്റെ പെങ്ങളുടെ മകള്‍ ) അവിടെ താമസിച്ചു പഠിക്കാന്‍ വന്നു .അവളുടെ പേര് സാറ. അവള് കാഴ്ചക്ക് വളരെ മിടുക്കിയായിരുന്നു . പ്രായത്തില്‍ കവിഞ്ഞുള്ള വണ്ണവും പൊക്കവും. നല്ല വെളുപ്പുനിറം. ഇടതിങ്ങിയമുടി പുറം മറഞ്ഞു നീണ്ടുകിടന്നു .നല്ല ആരോഗ്യമുള്ള പ്രകൃതം. എന്നേക്കാള്‍ മൂന്നുനാലു വയസ്സിനു മൂത്തതാണ് . യു . പി സ്കൂളും .ഹൈ .സ്കൂളുംരണ്ടു സ്ഥലങ്ങളില്‍ ആയിരുന്നു. പത്തും, പതിനഞ്ചും മൈല്‍ ദൂരം വീതം ഉണ്ട് രണ്ടിടത്തേക്കും. സാറ യു .പി സ്കൂള്‍ മുതല്‍ പഠിച്ചു തുടങ്ങി.ഈ കാലഘട്ടത്തില്‍ ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പം ഉണ്ടായിരുന്നില്ല . എന്നാല്‍ എന്റെ ചേച്ചിമാരുമായി സാറ നല്ല അടുപ്പത്തിലും ആയിരുന്നു. ഏതായാലും ഹൈ .സ്കൂളില്‍ ഞാനും ചേച്ചിയും സാറയും ഒന്നിച്ചാണ് പഠിച്ചത് . ക്ലാസ്സുകള്‍ക്കും ഡിവിഷനും മാറ്റമുണ്ടായിരുന്നു.
ഈ സമയത്താണ് ഞങ്ങള്‍ തോടിനടുത്തു വീട് വെച്ച് താമസം മാറിയത്. അത് അവര്‍ക്ക് വലിയ സങ്കടമായി. ഞങ്ങള്‍ ആയിരുന്നു അവര്‍ക്ക് അയല്വക്കമായി ഉണ്ടായിരുന്നത് . എന്നാലും അവള് ഇടയ്ക്ക് ഒക്കെ ഞങ്ങളുടെ വീട്ടില്‍ വരും എന്നിട്ട് തോട്ടിലും പോകും. ഒരു ദിവസം സാറ വന്നപ്പോള്‍ കൂടെ അമ്മാവന്റെ മകനും ഉണ്ട്. പേര് സിങ്കിളി.പൊക്കം കുറഞ്ഞു , തീരെ മെലിഞ്ഞു കുറ്റിത്തലമുടിയും അല്പം മുന്നോട്ട് ഉന്തിയ പല്ലുകളും ഉള്ള ഒരു കൊച്ചു പയ്യന് . അവനും ഇവിടെ താമസിച്ചു പഠിക്കാനാണ് വന്നത് . മടക്കിക്കുത്തിയ കൈലിയും കൈ ഇല്ലാത്ത ബനിയനും, പിന്നെ കഴുത്തില്‍ ഒരു തോര്‍ത്തും വളച്ചിട്ടാണ് കക്ഷിയുടെ നടപ്പ് . എപ്പോഴും ചിരിക്കുന്ന ഒത്തിരി വര്‍ത്തമാനം പറയുന്ന അവനെ എല്ലാവര്ക്കും ഇഷ്ടമായി. ആറാം ക്ലാസ്സില്‍ പഠിക്കുന്ന അവന് ഈ നാട്ടുവഴിയേയാണ് സ്കൂളില്‍ പോകുന്നത് .
മാസങ്ങള്‍ പലതു കഴിഞ്ഞു. അന്നും പതിവ് പോലെ വൈകുന്നേരം അവന് തോട്ടില്‍ കുളിക്കാന്‍ വന്നിട്ട് തിരികെ പോകാന്‍ എന്നത്തേതിലും താമസിച്ചോ എന്ന് സംശയം. കാരണം വീട്ടില്‍ വരാതെ, മുറ്റത്ത് നിന്ന ഞങ്ങളോട് "ഞാന്‍ പോകുവട്ടോ.." എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. എന്നിട്ട് കൈലുണ്ടായിരുന്ന വടി വായുവില്‍ കറക്കി കറക്കിയാണ് പോക്ക്. ഇടവഴികളും ചെറുവഴികളും ഒത്തു ചേരുന്ന ആ കൈയ്യാലമുക്ക് കടന്നു പോകുന്നത് വരെ ഞങ്ങള്‍ നോക്കിനിന്നു. പിന്നെ അവനെ കാണാന്‍ പറ്റില്ല. നേരം ഇരുട്ടിയിരുന്നില്ല. രാവും പകലും ഇടകലര്‍ന്ന സമയം. വീട്ടില്‍ എത്തണമെങ്കില്‍ കുറെ ദൂരം ഉണ്ട്.
രാത്രി ഒരു എട്ടു മണിയായികാന്നും. ഞങ്ങള്‍ സന്ധ്യ പ്രാര്‍ഥനയില്‍ ആയിരുന്നു. ചൂട്ടുകറ്റയുടെ കത്തിച്ച വെളിച്ചം വീട്ടിലേക്ക് വരുന്നതുകണ്ടു ഞങ്ങള്‍ പ്രാര്‍ഥന നിര്‍ത്തി. അത് സാറയും സാറയുടെ വീടിന്റെ കുറച്ച് അകലെയുള്ള ഏലി ചേടത്തിയുമായിരുന്നു. ഏതാണ്ട് ഒരു ഓട്ടത്തിന്റെ പരുവത്തിലായിരുന്നു അവരുടെ വരവ് . പരിഭ്രമം കൊണ്ടും ,കയറ്റം കയറി വന്നതിന്റെ കിതപ്പുംകൊണ്ട് സാറക്ക് ഒന്നും പറയാന്‍ പറ്റുമായിരുന്നില്ല. പിന്നെ " സിങ്കിളി കുളികഴിഞ്ഞു വന്നിട്ട് മുറ്റത്ത് ഒരു കല്ലില്‍ ഒറ്റയിരുപ്പാ. വിളിച്ചിട്ട് കേള്‍ക്കുന്നില്ല ...കൈയില്‍ പിടിച്ചു വലിച്ചു പൊക്കാന്‍ നോക്കിയിട്ടും അനങ്ങുന്നില്ല ....എന്താ പറ്റിയത് എന്നറിയില്ല ..." സാറ ഇത്രയും പറഞ്ഞു നിര്‍ത്തി .സാറ ആണെങ്കില്‍ ഒത്ത ഒരു പെണ്ണാണ് . സിങ്കിളിയെ അവള്‍ക്ക് ഒരു കൈക്ക് പൊക്കിയെടുക്കാനേ ഉള്ളു .പക്ഷെ അവള് നോക്കിയിട്ട് ഇരുന്നിടത്തു നിന്ന് അവനെ അണുവിട ചലിപ്പിക്കാന്‍ പറ്റുന്നില്ലാത്രേ. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനും കോളേജില്‍ പഠിക്കുന്ന ചേട്ടനും, എന്റെ നേരെ മൂത്ത ചേച്ചിയും കൂടെ പറപറന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ അവന് അവിടെത്തന്നെ ഇരിപ്പുണ്ട്. ചേട്ടന് ചെന്ന് അവന്റെ കയ്യില്‍ പിടിച്ചു എഴുന്നേല്ക്കാന് പറഞ്ഞു. അവന് അറിഞ്ഞ മട്ടുകാണിച്ചില്ല. പലതവണ പറഞ്ഞു , എണീപ്പിക്കാന്‍ നോക്കി പറ്റുന്നില്ല. അവന്റെ കയ്യില്‍ അപ്പോഴും ആ വടി ഉണ്ടായിരുന്നു. നല്ല ബലം ഉള്ള വടിയാണ് . വടികൊണ്ട് അവന് നിലത്തു കുത്തികൊണ്ടിരുന്നു. ഞങ്ങളെ കണ്ടഭാവമേ അവനില്ലായിരുന്നു. വടിവാങ്ങിക്കളയാന്‍ വടിയില്‍ പിടിച്ചപ്പോള്‍ അവന് കുതറി. അവനു ദേഷ്യം വന്നുതുടങ്ങി. വടി തരാതിരിക്കാന്‍ അവന് ആവുന്നത്ര ശ്രമിക്കുന്നുണ്ട്. അവന് പല്ല് ഇരുമ്മിത്തുടങ്ങി. ചേട്ടനും, ചേച്ചിയും, സാറയും കൂടി അവനെ ഇരുന്നിടത്തു നിന്ന് വലിച്ചു എണീപ്പിച്ചു. പിന്നെ അവിടെ നടന്നത് ഗുസ്തിയാണോ, ,മല്‍പ്പിടുത്തമാണോ, പോരാട്ടമാണോ എന്ന് പറയാന്‍ പറ്റില്ല. അവന് വടി കൊണ്ട് അടിക്കാന്‍ ഓങ്ങിയപ്പോള്‍ അത് പിടിച്ചുവാങ്ങനായി എല്ലാവരുടെയും ശ്രമം. ഒന്നാന്തരം ആരോഗ്യവാനും പത്തിരുപത്തിയഞ്ച് വയസ്സുള്ള ചേട്ടനും ,ചേച്ചിയും ,സാറയും കൂടി നോക്കിയിട്ടും ആ വടി വാങ്ങിയെടുക്കാന്‍ പറ്റുന്നില്ല . അവന് ഒറ്റയാനായി നിന്ന് പൊരുതി . മിനിട്ടുകളോളം നീണ്ടു നിന്ന ആ പോരാട്ടത്തില്‍ ഞാനും പങ്കു ചേര്‍ന്നു. അവന്റെ മുരള്‍ച്ച എന്നെ ഭയപ്പെടുത്തി . അവനെ പിടിക്കാന്‍ കൂടിയത് കൊണ്ട് അവന്റെ ശക്തി എത്രയെന്നു എനിക്കും മനസ്സിലായി. നാലു പേരോട് എതിര്‍ത്തുനില്കാന്‍ പറ്റാത്തതുകൊണ്ടോ അതോ അവന് ക്ഷീന്നിതനായത് കൊണ്ടോ, എന്തോ, അവന്റെ കൈയില്‍ നിന്ന് വടി പിടിച്ചുവാങ്ങാന്‍ കഴിഞ്ഞു. പിന്നെ അവനെ തിണ്ണയില്‍ കയറ്റാനായി ശ്രമം. ഞങ്ങള്‍ നാലു പേരുംകൂടി നല്ല ഒരു ബല പ്രയോഗം തന്നെ വേണ്ടിവന്നു. അവന് വീണ്ടും മൃഗങ്ങള്‍ മുരളുന്നത് പോലെ മുരളുകയും മൂളുകയും കിതക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇമവെട്ടാതെ അവന് ക്രുദ്ധനായി നോക്കി . അവന്റെ കണ്ണിലെ ഭാവം ഭീതി ജനിപ്പിക്കുന്നതായിരുന്നു.
അപ്പോഴേക്കും എന്റെ അപ്പച്ചനും, മൂത്ത ചേട്ടനും എത്തി . അവന്റെ മട്ടും മാതിരിയും കണ്ടിട്ട് ഇത് അത്ര പന്തിയല്ല എന്ന് മനസ്സില്ലായി. ഏകദേശം ഏഴു, എട്ടു മൈല്‍ ദൂരം നടന്നു വേണം വൈദ്യരുടെ വീട്ടിലെത്താന്‍. വൈദ്യര്‍ക്ക് പച്ചമരുന്നിന്റെ ചികിത്സ മാത്രമല്ല അല്പം പൊടിക്കയ്കളും അറിയാം (ബാധയൊഴിപ്പിക്കല്‍ പോലെയുള്ള പ്രക്രിയകള്‍) എന്നുള്ള അറിവ് ഈ വൈദ്യരെ തന്നെ കൊണ്ട് വരാന്‍ കാരണമായി. ഇരുണ്ടു തടിച്ചു മുടി മുക്കാലും നരച്ച ആ മനുഷ്യന് ഒരു എഴുപതു വയസ്സ് തോന്നിച്ചു. വെളുത്ത മുണ്ടും തോര്‍ത്തുമായിരുന്നു വേഷം. വൈദ്യരുടെ വൈരൂപ്യം മുഖത്തെ നിഗൂഡ ഭാവത്തിനു മാറ്റ് കൂട്ടി. അപ്പോഴേക്കും എങ്ങനെയോ ഈ വിവരം അറിഞ്ഞു ആരൊക്കെയോ എവിടുന്നൊക്കെയോ എത്തിയിട്ടുണ്ട് . മണ്ണെണ്ണ വിളക്കുകളുടെ മങ്ങിയ വെളിച്ചം. അയാള്‍ സിങ്കിളിയെ അടിമുടി ഒന്നുരണ്ടുവട്ടം നോക്കി. എന്തോ ഗൂഡമായ ഒരു തീഷ്ണത ആ കണ്ണുകളില്‍ തിളങ്ങി . .എല്ലാവരുടെയും മുഖത്ത് ഉത്കണ്ട. ആരും ഒന്നും മിണ്ടുന്നില്ല. വൈദ്യന് മാത്രം അതെടുക്ക് ഇതെടുക്ക് എന്നൊക്കെ ശബ്ദം താഴ്ത്തി പറയുന്നുണ്ട്. സിങ്കിളി അപ്പോഴും തിണ്ണയ്ക്കരികില്‍ ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തെ കനത്ത ഇരുട്ടിലേക്ക് നോക്കിയിരുന്നു. എന്തൊക്കയോ പച്ചമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ തുണിയില്‍ അരിച്ചു എടുത്തു. വൈദ്യന് അവനോട് കിടക്കാന്‍ പറഞ്ഞു . അവന് അത് അനുസരിച്ചില്ല . ആരൊക്കയോ ചേര്‍ന്നു അവനെ ബലമായി ,നിലത്തു വിരിച്ച പായില്‍ കിടത്തി . എന്നിട്ട് തലയും ,കൈയും ,കാലും ബലമായി പിടിച്ചുവെച്ചു . അപ്പോള്‍ വൈദ്യന് ചോദിച്ചു "നീയാര് ...? നീ ..ആരാന്ന്...? നീ ..എന്തിനു ഇവിടെ വന്നു..? നീ ആരാണ് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ....ഞാന്‍ ....എന്ന് പറയുകയും എല്ലാവരെയും കുതറി തെറുപ്പിച് എണിക്കാന്‍ ശ്രമിക്കയും ആണവന് . മുരളുകയും ..പേപ്പട്ടിയെ പോലെ കിതയ്ക്കുകയും കുതറുകയും ചാടി എഴുന്നേല്ക്കാന് ശ്രമിക്കയും ഒക്കെ ആണവന്. നീ ..ആര് എന്ന് വൈദ്യന് പലവട്ടം ചോദിച്ചു. അപ്പോഴൊക്കെയും അവന് ..ഞാന്‍ ...ഞാന്‍...എന്ന് പറഞ്ഞു പല്ലിറുമ്മി. നീ ..പോകുമോ ...?എന്ന് വൈദ്യന് . ഇല്ല ...എന്നവന് ... നീ ...പോകുമോ ...? വൈദ്യന് ആക്രോശിച്ചു . ഇല്ല ....ഇല്ല ....ഇല്ലാ...അവന് അലറി വിളിച്ചു. അവന്റെ മറുപടി കേട്ട് പലരുടേയും മുഖം പേടികൊണ്ടു വിവര്‍ണ്ണമായി. വൈദ്യന് അവന്റെ കണ്ണിലും മൂക്കിലും തുള്ളി മരുന്നുകള്‍ ഒഴിച്ചു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു അവന് അലറി വിളിച്ചു . വൈദ്യന് വീണ്ടും ചോദിച്ചു .നീ ..പോകുമോ ..? ഇല്ല ...ഞാന്‍ പോകില്ല ...പോകില്ലാ ..അവന് കുതറുകയും ആള്‍ക്കാരെ തട്ടി തെറിപ്പിക്കയും തൊഴിക്കയും ....എല്ലാവരുടെയും മുഖത്ത് അമ്പരപ്പ് ...!!
വീണ്ടും തുള്ളിമരുന്നുകള്‍..ആള്ക്കാര് അവന്റെ കൈ കാലുകള്‍ മുറുകെ പിടിച്ചിട്ടുണ്ട്. അവന് വേദനയോ നീറ്റലോ ഒക്കെ കൊണ്ട് ഉറക്കെ ഉറക്കെ നിലവിളിക്കയും വില്ല് പോലെ വളയുകയും പുളയുകയും..... പോകുമോ ..? എന്ന ചോദ്യം വീണ്ടും ആവര്‍ത്തിച്ചു .ഇല്ല ...ഇല്ലാ ..അവന്റെ ആക്രോശം. മൂന്നാം തവണയും കണ്ണിലും മൂക്കിലും മരുന്നൊഴിച്ചപ്പോള്‍ അത് വരെ പോകില്ല ...പോകില്ല എന്ന് പറഞ്ഞവന് ഞാന്‍ പോകാമേ...പോകാം....പൊയ്ക്കോളാം എന്ന് വിളിച്ചു കൂവി. എല്ലാവരും നടുങ്ങി, മുഖത്തോട് മുഖം നോക്കി. അപ്പോഴേക്കും അവന് വാടിയ ചേമ്പിന് തണ്ട് പോലെയായി. അവന് തളര്‍ന്നു. ശ്വാസോച്ച്വാസം മന്ദഗതിയിലായി. കണ്ണുകള്‍ പതുക്കെ അടഞ്ഞു തുടങ്ങി . അവന് മയക്കത്തിലേക്ക് വീണു. എല്ലാം കഴിഞ്ഞപോള്‍ വൈദ്യന് പറഞ്ഞു " അത് " അവനെ വിട്ടു പോയി. എന്നാലും സൂക്ഷിക്കണം. ഇനി കുട്ടിയെ ഇവിടെ നിറുത്തേണ്ട. ഇനിയും ആര്‍ക്കും ഇതു പോലെ സംഭവിച്ചു എന്നും വരാം. അത് കേട്ട് ഞാന്‍ ഇടിവെട്ട് ഏറ്റതുപോലെ ഇരുന്നുപോയി. ആ " അത് "എന്താണ് ..?ഈ പരിസരത്ത് കാണുമായിരിക്കും എന്ന് ഒക്കെ ഓര്‍ത്തപ്പോള്‍ ....
വൈദ്യനെ കൊണ്ടുപോയി വിട്ടു . മറ്റുള്ള എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി. പിന്നെയുള്ളത് പേരമ്മയും, സാറയും ചേച്ചിയും ഞാനും മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അബോധാവസ്ഥയിൽ കിടക്കുന്ന സിങ്കളിയും. അർദ്ധരാത്രിയാണ്. പുതപ്പിൽ മൂടിക്കിടക്കുന്ന സിങ്കളിയുടെ മുഖവും തലയും വെളിയിൽ കാണാമായിരുന്നുള്ളൂ. അവന്റെ ശ്വാസോശ്ചാസത്തിന്റെ അനക്കം പോലും അറിയാൻ പറ്റുമായിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ ചേച്ചിയും സാറയും അവനെ വിളിച്ചു നോക്കി. അവനത് അറിഞ്ഞതേയില്ല. അത്രമാത്രം ഗാഢമായ മയക്കത്തിൽ ആയിരുന്നവൻ. ഞാൻ കൂടെ കൂടെ തിണ്ണയിലേക്ക് നോക്കി. സിങ്കളിയുടെ ആ കിടപ്പു കാണുന്തോറും ഭയംകൊണ്ട് എന്റെ ശരീരം കുളിർന്നു കുളിർന്നു കയറി. ഈ മുറി ലാലുമോള്‍ടെ മുറിയാണ് . മോള് കിടന്നിരുന്നിടത്താണ് ഞങ്ങള്‍ ഇപ്പോള്‍ കിടക്കുന്നത്. അന്നത്തെ സംഭവമെല്ലാം മനസ്സിലേക്ക് ഇടിച്ചുകയറി. ട്രീസയുടെ അമ്മപറഞ്ഞ കാര്യം പെട്ടെന്ന് എന്റെ മനസ്സില്‍ ഓടി എത്തി. ലാലു മോള് മരിച്ചതിനു തൊട്ടടുത്ത നാളുകളില്‍ എല്ലാ രാത്രിയിലും ട്രീസ കരഞ്ഞുകൊണ്ട് എണീക്കുന്നു. ചോദിക്കുമ്പോള്‍ ഒരു കൊച്ചു നുള്ളിപ്പറിച്ചു എന്ന് പറയുന്നു". ഇതു എന്നോടല്ല പറഞ്ഞത് ആരോടോ പറയുന്നത് ഞാന്‍ അബദ്ധവശാല്‍ കേട്ടതാണ് .എനിക്കത് കേട്ടപ്പോള്‍ എന്തോ ഒരു ഭയം ആയിരുന്നു. അതെല്ലാം പെട്ടെന്ന് ഓര്‍ത്തപ്പോള്‍ ....അപ്പച്ചന്റെയും ചേട്ടന് മാരുടെയും കൂടെ പോകാഞ്ഞതോര്‍ത്തു സങ്കടം വന്നു.ശരിക്കും പറഞ്ഞാല്‍ എന്റെ ഉള്ള് പട ..പട ... എന്ന് ശക്തിയായി ഇടിക്കുന്നുട് . ആ പഴയകാല ഓര്‍മ്മകളെ തടഞ്ഞു നിര്‍ത്താന്‍ നോക്കി . എനിക്ക് പേടികൊണ്ടു ഒരു പോള കണ്ണ് അടയ്ക്കാന്‍ പറ്റിയില്ല.
എങ്ങനെയോ നേരം വെളുപ്പിച്ചു . സിങ്കിളിയോ , ജീവച്ജവം പോലെ എണീറ്റുവന്നു. അവന്റെ മുഖം വാടിക്കരിഞ്ഞിരുന്നു. എന്തോ തകര്‍ക്കപ്പെട്ടവനെ പോലെ അവന് തകര്‍ന്നു പോയി . അവന്റെ പ്രസന്നത എവിടെയോ പോയിമറഞ്ഞു . പാവം. കണ്ടിട്ട് സങ്കടം വന്നു . കൊച്ചു കുട്ടിയല്ലേ .ആറാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ച്. ഇന്നലെ കാണിച്ച ആ അമാനുഷിക ശക്തി ഇവന് എങ്ങിനെ വന്നു .ഞങ്ങള്‍ക്ക് അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി! അവനെ , അവന്റെ അപ്പന് വന്നു കൊണ്ടുപോകും , വന്നു കൂട്ടികൊണ്ടുപോകാന് കത്തയച്ചിട്ടുണ്ട് . ഞങ്ങള്‍ അവനോട് ചോദിച്ചു, "ഇന്നലെ നീ എന്തൊക്കെയാ കാട്ടിയതെന്ന് ഓര്‍ക്കുന്നുണ്ടോ?..നിനക്ക് എന്തായിരുന്നു പറ്റിയത് ?" അപ്പോള്‍ അവന് പറഞ്ഞത് കേട്ട് ഞങ്ങള്‍ നടുങ്ങി! അവന് കുളികഴിഞ്ഞു പോരുമ്പോള്‍ കയ്യാലമുക്ക് കഴിഞ്ഞു , പാമ്പിന്‍പടങ്ങള്‍ ഉള്ളകൈയ്യാലയോട് ചേര്‍ന്ന് പോകുകയായിരുന്നു . റബ്ബര്‍ തോട്ടവും മറ്റു മരങ്ങളും നില്‍ക്കുന്നത് കൊണ്ട് നേരം അല്പം ഇരുട്ടിയത് പോലെയാണ് . ആരും കൂട്ടില്ലല്ലോ എന്നോര്‍ത്ത് നോക്കുമ്പോള്‍ വല്യപ്പത്തറയുടെ കുറെ ദൂരെയായി ഒരു അപ്പാപ്പന് വടിയും കുത്തി മുടന്തി മുടന്തി പതുക്കെ നടന്നു പോകുന്നു . അവനു ആശ്വാസമായി . കുറച്ചു കൂടി നടന്നു ...അപ്പാപ്പന് എവിടെ എത്തി എന്നറിയാന്‍ തല ഉയര്‍ത്തി നോക്കിയ അവന് പെട്ടെന്ന് ഞെട്ടി . അങ്ങ് ദൂരെ , താഴെയായി കാണുന്ന വീടുവരേയും വഴിയെ ആര് പോയാലും കാണാന്‍ പറ്റുന്നതാണ് . മുന്‍പേ പതുക്കെ പതുക്കെ പൊയ്ക്കൊണ്ടിരുന്ന അപ്പാപ്പനെയോ, അപ്പാപ്പന്റെ പൊടി പോലുമോ കാണാനുണ്ടായിരുന്നില്ല. ആ വഴിയെ തന്നെ വേണം അവനു അവന്റെ വീട്ടിലെത്താന്‍ . അവന് പിന്നെ നടക്കുകയായിരുന്നില്ല.....ജീവന് കത്തിയ ഒരോട്ടമായിരുന്നു.ഇത്രയും കാര്യമേ അവനു അറിയൂ . ഏതായാലും അവന്റെ പഠിപ്പ് നിര്‍ത്തി . ദിവസ്സങ്ങള്‍ക്ക് ശേഷം അവനെ അപ്പന് വന്നു കൊണ്ടുപോയി. പക്ഷെ....ചട്ടുള്ള, വടി കുത്തി നടക്കുന്ന ഒരു അപ്പാപ്പന് പണ്ട് ആ വഴി നടന്നു ജീവിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടു. വര്‍ഷം ഒന്ന് കടന്നു പോയത് അറിഞ്ഞില്ല. സാറയുടെ പഠനം തീര്‍ന്നു .ഇത്തവണ സ്വന്തം വീട്ടിലേക്കുള്ള യാത്രയില്‍ പേരമ്മയെയും അവള് ഒപ്പം കൂട്ടിയിരുന്നു .അങ്ങനെ അനാഥത്വത്തിന്റെ പിടിയിലമര്‍ന്നു ആ വീടും ഒരു പുരത്തറ ആയി മാറി.
(ഇതൊരു നടന്ന സംഭവമാണ്.എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ നടന്നത്. . പക്ഷെ ഇതാരും വിശ്വസിക്കണമെന്നില്ല.
വൈദ്യന്റെ മരുന്ന് നല്ലതായിരിക്കാം. കാഴ്ചക്കാരെ അത്ഭുതപ്പെടുത്താൻ കാട്ടിയ ഒരു പ്രഹസ്സനമായിരുന്നു അത് എന്ന് പിന്നീട് മനസ്സിലായി .കൈയും കാലും അനക്കാൻ വയ്യാത്ത അവസ്ഥ യിൽ മൂക്കിൽ മുളകിന് തുല്യമായത് അരച്ച് ഒഴിച്ചാൽ ,ആരാണെങ്കിലും വൈദ്യൻ പറയുന്നത് അലറി വിളിച്ച് ഏ റ്റു പറഞ്ഞുപോകും.അതുറപ്പ്...!
അവൻ കണ്ടു പേടിച്ച സംഭവം .....അതുണ്ടാവും ...
കാരണം അക്കാലത്തെ കുട്ടികളും,വലിയവരും എത്രയോ പിശാചു ക്കളെ യാണ് ചുമന്നു കൊണ്ട് നടന്നിരുന്നത്.ഞാൻ ഉൾ പ്പെടെ ..
വീട്ടു കാരും ,നാട്ടുകാരും,കൂട്ടുകാരും പരിചയപ്പെടുത്തി കൊടുക്കുന്ന സർവ്വ പിശാചു ക്കളും ആ കുഞ്ഞു മനസ്സില്‍ വളര്‍ന്നു കൊണ്ടിരിക്കും ഒരു കാലം വരെ ..
കപ്പ വാട്ടി ഉണങ്ങുക, പിന്നെ അടയ്ക്കാ തൊണ്ട് പൊളിക്കുക ,
കൊപ്ര അടർത്തുക തുടങ്ങി പല പണികളും പകലും രാത്രിയുമായി ചെയ്തു തീർക്കുവാനുണ്ടാവും .കുറെ ആൾക്കാർ ചേര്‍ന്നാണ് ഈ പണികൾ ചെയ്യുന്നത്.ആ സമയത്താണ് ഓരോരുത്തരും മനസ്സിൽ കൊണ്ട് നടക്കുന്ന പിശാചുക്കളെ പരസ്പ്പരം പരിചയപ്പെടുത്തുന്നത്. അപ്പോൾ കുട്ടികൾ പേടിയില്ലാതെ അത്യുൽസ്സാഹത്തോടെ അതെല്ലാം കേട്ട് മനസ്സിൽ കുടിയിരുത്തും.പേടിച്ചും , തനിച്ചുമാകുന്ന സമയത്ത് സന്ദർഭത്തിനു അനുസരിച്ച് ഈ പിശാചുക്കൾ പുറത്തിറങ്ങുന്നു ....തോന്നലുകൾ യാഥാർത്ഥ്യം ആയി തോന്നുന്നു
പിന്നത്തെ കാര്യം പറയണ്ടല്ലോ ...അപ്പോൾ ഈ രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നു..
പക്ഷെ എനിക്കുള്ള അത്ഭുതം അതല്ല .....ഞങ്ങൾ നാല് പേരോട് അവൻ പത്തിരുപത് മിനിറ്റ് പൊരുതി നിന്ന ആ ശക്തി ......)
വായിച്ചു
മറുപടിഇല്ലാതാക്കൂഅവതരണം ഇഷ്ട്ടായി.
ആശയം ഇഷ്ട്ടപെട്ടില്ലാ ഒട്ടും
അന്ധവിശ്വാസത്തെ ഇങ്ങനെ പ്രൊമോട്ട് ചെയ്യണോ??
എഴുത്ത് തുടരൂ
നന്ദി ഹാഷിം, എന്റെ പോസ്റ്റു വായിച്ചതിനും അഭിപ്രായം എഴുതിയതിനും. ഞാന്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല, ആ കാലഘട്ടവും അന്നത്തെ മനുഷ്യരുടെ ചിന്താ രീതികളും എന്റെ കുട്ടിക്കാലത്തെ മാസികാവസ്ഥയും പകര്‍ത്തിയെന്ന് മാത്രം. എന്റെ ബ്ലോഗിനു കിട്ടിയ ആദ്യത്തെ അഭിപ്രായത്തിന് വീണ്ടും നന്ദി.
മറുപടിഇല്ലാതാക്കൂഎന്റെ പാറുകുട്ടിക്ക് വായിക്കാന്‍ വേണ്ടി ഒരു പ്രിന്റ് എടുത്ത് കൊടുത്തിട്ടുണ്ട്. അവള് വായിച്ചതിന് ശേഷം ഞങ്ങള്‍ രണ്ട് പേരും കൂടി വരാം ഇവിടേക്ക് വീണ്ടും
മറുപടിഇല്ലാതാക്കൂ